അലയുന്നവന്റെ സങ്കീർത്തങ്ങൾ!!!

## ബാൾക്കൻ – കാർപാത്യൻ മല നിരകളിലൂടെ സ്ലോവാക്യയുടെ സമതലങ്ങളിലേക്ക് കാൽനട യായി, ഏകനായി ഞാൻ നടത്തിയ യാത്രകൾ..
——////——-////——————-////————-////———-

ചികിത ചിന്തകളുടെ ദുരാത്മാക്കളെ ഉഛാടനം ചെയ്യുന്ന അക്ഷരങ്ങളുടെ അമ്ലധൂമങ്ങളായി സ്വയം രൂപാന്തരപ്പെടുമ്പോഴാണ് എനിക്ക് യാത്രകളെ ആലേഖനപ്പെടുത്തിവെക്കുവാനാവുക. അപ്പോൾ മാത്രമാണ് ഈയുള്ളവന് എല്ലാ യാത്രകൾക്കുമതീതമായ, ജീവിതത്തിൻ്റെ ഉണർവറിവുകളിലേക്ക് ദൃഷ്ടികളെയെറിഞ്ഞ് ആയത്തിൽ നടന്നുകയറുവാനാവുക.

നിലാവ് പൊട്ടിച്ചിതറിയ ഒരു താരകാരാത്രിയിൽ, മനുഷ്യവാസമില്ലാത്ത ആ ബാൾട്ടിക് ദ്വീപിലെ എൻ്റെ കൂടാരമുനമ്പിൽ.. കടലലകളുടെ പതിഞ്ഞ പശ്ചാത്തലത്തിൽ, പ്രിയപ്പെട്ടവളുടെ നഗ്‌ന മാറിടത്തിൽ ചെവിചേർത്ത് ആ ആർദ്രഹൃദയത്തിൻ്റെ തുടിപ്പുകളിൽ വിശ്രാന്തപ്പെട്ടിരിക്കവേയാണ് അറിയപ്പെടാത്ത മലഞ്ചെരിവുകളിലെ കാട്ടുപാതകളിലൂടെ ഉണ്മയും അറിവും തേടിയൊരു ഏകാന്ത യാത്രയുടെ വെളിപാടുകൾ പിറന്നത്.

ഓരോ യാത്രയും പലപ്പോഴുമെനിക്ക് പൂർണ്ണവും നിർമ്മലവുമായ ആത്മബോധത്തിൻ്റെ ഉറവിടത്തിലേക്കുള്ള വഴിവിളക്കുകളായി രൂപാന്തരപ്പെടുന്നു. ശരീരമെന്ന ഈ കൂട്ടിൽ കൺഫൈൻഡ് (Confined) ആയിരിക്കുമ്പോൾ ”ഞാൻ” എത്ര നിസ്സാരനാണെന്നുള്ള തിരിച്ചറിവുകൾ നൽകുന്ന നിസ്സഹായതയുടെ വീർപ്പുമുട്ടലുകൾ നീയനുഭവിച്ചിട്ടുണ്ടോ? ആത്മാവിൻ്റെ അശാന്തിയിൽ നിന്നുള്ള വിമോചനമാണെനിക്കു യാത്രകൾ.

നിയതമായ നിയമങ്ങളില്ലാതെ, മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ലക്ഷ്യങ്ങളോ, യാത്രാപദ്ധതികളോ ഇല്ലാതെ അലഞ്ഞു തിരിഞ്ഞുള്ള യാത്രകളിൽ ആത്മാവുകണ്ടെത്തുന്ന എന്നെപ്പോലൊരു സഞ്ചാരി, സുഹൃത്തുക്കളുടെ തീൻ മേശയിൽ നിന്നു ഭക്ഷിക്കുകയും അവരുടെ വീഞ്ഞു ഭരണികളിൽ നിന്നു പാനം ചെയ്യുകയും ചെയ്യുന്നു. യാത്രകളിലൂടെ ജീവിതത്തെ വിധിക്കുന്നവൻ നിയമങ്ങളെ ഉലംഘിച്ച് അവബോധത്തിന്റെ അഗ്നിയിലേക്കുണർന്നു സഞ്ചരിച്ചുകൊണ്ടേയിരിക്കും.

പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവിൽ വിമാനമിറങ്ങി, ഇളംചൂടും സുന്ദരികളായ തരുണീമണികളുടെ വികസിത നയനകടാക്ഷങ്ങളുമേറ്റുവാങ്ങി ഇന്നെത്തി പ്പെടേണ്ട”സക്കോപ്പാനെ” എന്ന ബാൾക്കൻ – കാർപാത്യൻ മലഞ്ചെരിവുകളിലെ ചെറുഗ്രാമത്തിലേക്കുപോകുന്ന ബസ്സുകളുടെ താവളം ലക്ഷ്യമാക്കി ഞാൻ നടന്നു. പോളിഷ് ഗ്രാമങ്ങളുടെ ആത്‌മവിലൂടുള്ള ഈ യാത്ര എന്നെ ”ആദം മിക്കിയെവിച്ചി” ൻ്റെ ( Adam Bernard Mickiewicz ) കൃതികളെ ഓർമ്മപ്പെടുത്തി. ഗ്രാമങ്ങളിലെ ചിത്രാലംകൃതമായ മരവീടുകളിൽ നിന്നുമിറങ്ങിവന്ന പെണ്ണുങ്ങളുടെ ദൃശ്യം ഒരു ത്രിമാന ചിത്രത്തിലെന്നപോലെ മിഴിവുറ്റു നിന്നു.

സാക്കോപ്പാനെയുടെ തിരക്കുള്ള തെരുവിൻ്റെ ഒരു ഒഴിഞ്ഞ മൂലയിൽ തൻ്റെ ‘ദുക്കാതി ‘ (Ducati) മോട്ടോർ സൈക്കിളുമായി മിഖയെല, ഒരു കയ്യിൽ എനിക്കുള്ള ഹെൽമെറ്റുമേന്തി കാത്തുനിന്നിരുന്നു. അവളുടെ മോട്ടോർബൈക്ക് ഒരഭ്യാസിയെപ്പോലെ എന്നെയും വഹിച്ചുകൊണ്ട് കുതിര വണ്ടികൾക്കും ഒഴുകുന്ന കാറുകൾക്കുമിടയിലൂടെ മലമടക്കുകളെ വിറപ്പിച്ചു പറന്നുപോയി. ഇവളാണ് എൻ്റെ ആതിഥേയ, ഇവളുടെ വീടാണെൻ്റെ സത്രം.

ഇനിമുതൽ യാത്രയാണ്, നിരന്തരമായ യാത്രകൾ…
പോളണ്ടിലെ സാക്കോപ്പാനെയിൽ നിന്നും കാർപാത്യൻ മലഞ്ചെരിവുകളിലെ വിശുദ്ധവഴികളിലൂടെ സ്ലോവാക്യയുടെ കന്യാവനങ്ങളിലേക്ക് ഏകനായി.. കാൽനടയായി.
യാത്രകൾ എന്നെ സത്തയുടെ വെളിച്ചത്തിലേക്ക് തുറന്നുവെച്ച വെളുത്ത വാതിലുകളിൽ തീവ്രാനുഭവങ്ങൾക്കൊണ്ട് ചിത്രവേല നടത്തുന്ന ദാരുശിൽപിയായി പരിവർത്തനപ്പെടുത്തിയിരിക്കുന്നു.
അലയുവാൻ വിധിക്കപ്പെട്ടവൻ്റെ ഉണ്മയിൽ ജീവിതത്തെ നിലനിന്നുപോകുവാൻ പ്രേരിപ്പിക്കുന്ന പ്രചോദനങ്ങളുണ്ട്. തിരിച്ചറിവുകളുടെ ഈ വെളിച്ചമേന്തുന്ന പാതകളന്വേഷിക്കുന്ന തീർത്ഥാടകനാണ് ഞാൻ.

മിഖായേല പൊതിഞ്ഞുനല്കിയ ആപ്രിക്കോട്ട് – ക്‌ളൗഡ്‌ബെറി പിറോഗുകളും, വൈറ്റമിൻ ഡ്രിങ്ക്‌സും, വെള്ളവും എൻ്റെ ഹൈക്കിങ് സ്റ്റിക്കുകളുമായി ഞാൻ മോർസ്‌കി ഒക്കോ എന്ന മലമ്പ്രദേശത്തിനപ്പുറം മാനംമുട്ടെ നിൽക്കുന്ന ഭീമാകാരനായ കോസി വെർച് ( Zawrat- Orla Perć- Kozi Wierch 2291 മീറ്റർ കുത്തനെ ഉയരം) ലക്ഷ്യമാക്കി യാത്രതിരിച്ചു. അതീവ ദുർഘടവും ഏറെക്കുറെ അപ്രാപ്യവുമായ മലനിരകളിലൂടെ ഏതു നിമിഷവും മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള അതീവ സാഹസം നിറഞ്ഞ യാത്ര. ഉള്ളംകൈ വിയർക്കുകയോ, ഷൂവിൻറെ ഗ്രിപ് ഒന്ന് തെന്നുകയോ ചെയ്താൽ ശരീരംപോലും കണ്ടെടുക്കാൻ കഴിയാത്ത അത്ര അഗാതതയിലേക്കായിരിക്കും നാം നിപതിക്കുക്ക. അതായത് 2291 മീറ്റർ കുത്തനെ താഴേക്ക് എവിടെയും തട്ടുകയോ തടയുകയോ ചെയ്യാതെ…! വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 140 ഓളം ആളുകൾക്ക് ജീവൻ നഷ്ടമായ ഈ പർവതത്തിൻ്റെയൊരു പ്രത്യേകത ഒരിക്കൽ കയറിത്തുടങ്ങിയാൽ പകുതിക്കുവെച്ച് ആരോഹണം അവസാനിപ്പിക്കുവാനാകില്ലയെന്നതാണ്. കാരണം വന്നവഴിയെ തിരിച്ചിറങ്ങാൻ ഒരുതരത്തിലും സാധ്യമല്ല. ഒരേയൊരുമാർഗം ഈ പർവതം കയറി മറ്റൊരു വഴിയെ ഇറങ്ങുകയെന്നതാണ്. അഞ്ചര മണിക്കൂറുകൊണ്ടാണ് ഞാൻ പർവ്വതശിഖരത്തിലെത്തിയത്. താഴേക്കിറങ്ങാനും ഏതാണ്ട് അത്ര തന്നെ സമയം ആവശ്യമാണ്.

ഗിരിമകുടമാണ്ട ഞാൻ അഗസ്ത്യനെയോ പരലുപോലുള്ള താരമിഴികളെയോ കണ്ടില്ല. കനത്ത ഏകാന്തതയിൽ… കണ്ണുകൾക്കു ചെന്നെത്താവുന്ന ദൂരത്തിലെവിടെയും ജീവന്റെ കണികാ സ്പന്ദനങ്ങളില്ലാത്ത.. അസ്ഥികളിലേക്കാഴ്ന്നിറങ്ങുന്ന അഗാധ നിശബ്ദതമാത്രം. ഇവിടെ.. ഈ മലമുകളിൽ ഏകനായി വിശ്രാന്തമാനസനായി, അനാദിയെന്നപോൽ ചക്രവാളത്തോളം പരന്നുകിടക്കുന്ന സമതലങ്ങളിലേക്കു കണ്ണോടിച്ചിരിക്കുമ്പോൾ ജീവിതം എന്നെ വിഭ്രാന്തമായി വിസ്മയപ്പെടുത്തുന്നു.
വാക്കുകൾ വരണ്ടുപോകുന്ന, ജനിമൃതികളുടെ നൈരന്തര്യത്തിൻ്റെ നാരായവേരുകളിൽ ഞാൻ ആദ്യമായി സ്പന്ദിച്ചതിന്റെ കാരണമൂലകങ്ങളിൽ വീണ്ടും വിഘടിച്ചുചേർന്ന്, എല്ലാ ചലനങ്ങൾക്കും പ്രകമ്പനങ്ങൾക്കുമപ്പുറത്തെ അനാദിയായ പൂർണ്ണ നിശബ്ദതയിൽ വിലയിച്ചുചേരുവാനുള്ള ആത്മാവിൻ്റെ അദമ്യമായ തുടിപ്പുകളെ ഇനിയും അപരിചിതത്വത്തോടെ സാക്ഷീകരിക്കുവാനെനിക്കാവില്ല.

എങ്കിലും പ്രിയപ്പെട്ടവൾക്കു കൊടുത്ത വാക്കിനെ ലംഘനപ്പെടുത്തേണ്ടിവന്നത് മനസ്സിനെ വല്ലാതെ ഖേദിപ്പിച്ചുകൊണ്ടേയിരുന്നു. അപകടകരമായ യാത്രകളൊന്നും നടത്തുകയില്ലായെന്ന് അവളുടെ ഹൃദയത്തിൽ കൈകൾ വെച്ചു വാക്കുകൊടുക്കുമ്പോൾ ആർദ്രമായ അവളുടെ ബൊഹീമിയൻ കണ്ണുകളിൽ കണ്ട വിശുദ്ധ പ്രണയത്തിന് ഡുണാജെക് നദിയെക്കാൾ ആഴമുണ്ടായിരുന്നു.

ഞാൻ തിരികെയെത്തിയതിൻ്റെ സന്തോഷം മിഖയേല, കനലിൽ ചുട്ടെടുത്ത വൈൽഡ് സാൽമൺ മത്സ്യവും വാറ്റുചാരായത്തിൻ്റെ ലഹരിയുംകൊണ്ടാഘോഷിക്കുമ്പോൾ നേപ്പാളിലെ അന്നപൂർണാറേഞ്ചിലെവിടെയോ ഉള്ള ഒരു കാഗ്യു ബുദ്ധ വിഹാരത്തിൽ മരണ-പുനർജന്മങ്ങൾക്കിടയിലെ ജീവൻ്റെ ബോധാവസ്ഥയെപ്പറ്റിയും ആത്മാവിൻ്റെ പടിപടിയായ, ബോധപൂർവ്വമായ രൂപാന്തരപ്പെടലിലൂടുള്ള പുനർജന്മത്തെക്കുറിച്ചും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവളുടെ സ്വച്ഛവും സൗമ്യവുമായ മുഖമായിരുന്നു എനിക്ക് സാന്ത്വനവും സ്വർഗ്ഗവും.

പിറ്റേന്ന് ലിസാ പൊളോണയിലൂടെ മുപ്പത്തിരണ്ട് കിലോമീറ്ററുകളോളം നടന്ന് ഞാൻ പോളിഷ് അതിർത്തിവഴി സ്ലൊവാക്യയുടെ സമതലങ്ങളിൽ പ്രവേശിച്ചു. സ്ലോവാക്യൻ ഗ്രാമങ്ങളിൽ ഞാനൊരു അപരിചിതനായിരുന്നു. ഒരുവാക്കുപോലും ഇംഗ്ലീഷ് സംസാരിക്കാത്ത പഴയ സോവിയറ്റ് യൂണിയൻ്റെ സ്വാധീനത്തിൽനിന്നും ഇപ്പോഴും പൂർണ്ണമായും മോചിക്കപ്പെട്ടിട്ടില്ലായെന്നു തോന്നിപ്പിക്കുന്ന കുഗ്രാമങ്ങൾ.
മലഞ്ചെരിവുകളതിരിട്ടുനിൽക്കുന്ന ഗ്രാമവീടുകളിൽനിന്നും നാടോടിസംഗീതം മുഴങ്ങിക്കൊണ്ടേയിരുന്നു. ഗ്രാമത്തോടുചേർന്ന് കൊയ്ത്തുകഴിഞ്ഞ ഒരു ബാർളിപ്പാടത്തിൽ കൂടാരമടിച്ചു ഞാൻ അന്നത്തെ ദിവസത്തിനന്ദ്യംകുറിക്കുവാൻ തീരുമാനിച്ചു. എന്റെ കൂടാരത്തിനുചുറ്റും നടന്ന് ഇടവിട്ടിടവിട്ടു കുരച്ചുകൊണ്ടിരുന്ന ആ വയസ്സൻ നായ അവസാനം മടുത്തിട്ടെന്നവണ്ണം കുരനിർത്തി കൂടാര വാതിലിൽ ചുരുണ്ടുകൂടി. വിളറിയ നിലാവും അരണ്ടനക്ഷത്രങ്ങളെയും നോക്കി എൻ്റെ സ്ലീപ്പിങ് ബാഗിന്റെ ചെറിയലോകത്ത് ഞാനും.. പാതിരാവിന്റെ ഏതോയാമത്തിൽ ഞാനുറക്കത്തിലേക്കു വഴുതിപ്പോയി.

പിറ്റേന്നു രാവിലെതന്നെ ആദ്യം കണ്ട ബസ്സിൽച്ചാടിക്കയറി. എങ്ങോട്ടു പോകണം എന്നു തീരുമാനമൊന്നുമില്ലാത്തതിനാൽ എട്ടു യൂറോയ്ക്ക് ടിക്കറ്റുമെടുത്ത് പിന്നിൽ ഏറ്റവും അവസാനത്തെ സീറ്റിൽ ഞാനിരിപ്പുറപ്പിച്ചു. ഏതാനും മണിക്കൂറുകൾക്കുശേഷം അല്പം വലുതും വിശാലവുമായ ഒരു നഗരചത്വരത്തിൽ ബസ്‌ നിന്നു. കിഴക്കോട്ട് അഭിമുഖമായി തുറന്നുകിടന്ന ആ ചത്വരത്തിലൂടെ പ്രതേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെ ഞാൻ നടന്നുകൊണ്ടിരിക്കുമ്പോൾ എവിടെയോ ”സ്പിസ്ക നോവ വെസ്” എന്ന് ഒരു ചൂണ്ടു പലകയിൽ പട്ടണത്തിന്റെ പേര് കണ്ടു. മുൻപിൽ കണ്ട തരക്കേടില്ലായെന്നു തോന്നിയ ഒരു ഹോട്ടലിൽ മുറിയെടുക്കക്കുകയും രാജകീയമായ ആ കിംഗ് സൈസ് ബെഡിൽ വീണ് അന്തമില്ലാതെ ഉറക്കത്തിലേക്കു വഴുതിവീഴുകയും ചെയ്തു. പിറ്റേന്ന് ഉച്ചക്ക് വിശപ്പുകൊണ്ടാണ് ഉറക്കമുണർന്നത്. സസ്യഭുക്കായ എനിക്ക് വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുന്ന ഒരു റെസ്റ്ററെന്റ് കണ്ടുപിടിക്കുവാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു. അവസാനം ഉരുളക്കിഴങ്ങു ഞോക്കി ( Gnocchi ai quattro formaggi ) എന്ന ഇറ്റാലിയൻ വിഭവത്തിൽ ‘പെലാവ’ എന്ന മൊറാവിയൻ വീഞ്ഞിന്റെ അകമ്പടിയോടെ ഞാനെന്റെ വിശപ്പിനെയിറക്കിവെച്ചു.

സ്ലോവാക്യയിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലേക്കു പോകുന്ന ബസ്സിലാണ് ഞാനിപ്പോൾ. അതിസുന്ദരമായ, കാല്പനികത തുളുമ്പി നിൽക്കുന്ന ഉൾനാടുകൾ. ബസ്സിൽ ഞാനും ഡ്രൈവറും മാത്രമേയുള്ളൂ. അവസാന സ്റ്റോപ്പുവരെയുള്ള ടിക്കറ്റും കയ്യിൽപിടിച്ച് ആരും കയറുവാനും ഇറങ്ങുവാനുമില്ലാതെ എനിക്കുവേണ്ടി മാത്രം ഓടുന്ന ഈ ബസിൽ ഒരു ലക്ഷ്യവുമില്ലാതെ ഞാൻ എങ്ങോട്ടോ പോയി കൊണ്ടേയിരിക്കുന്നു.
വഴികൾ അവസാനിച്ചത് വിശാലമായ വെളിബ്രദേശത്തെ, കാറ്റുപിടിച്ചു വരണ്ടുപോയ ആ ഒറ്റമരത്തിന്റെ മുൻപിലായിരുന്നു. “സ്പിസ്‌ക നോവ വെസ്” എന്ന ചെറുപട്ടണത്തിൽ നിന്നും അറുപത്തഞ്ചോളം കിലോമീറ്ററുകളിലധികമകലെയുള്ള പേരറിയാത്ത ഈ ചെറു ഗ്രാമത്തിൽ ബസ് ഡ്രൈവർ തന്റെ യാത്ര അവസാനിപ്പിച്ചിരിക്കുന്നു.

അങ്ങു വിദൂരതയിൽ ബാർളിപ്പാടങ്ങൾക്കപ്പുറം കാണായ ആ ചെറു ഗ്രാമത്തിന്റെ പള്ളിഗോപുരം ലക്ഷ്യമാക്കി ഞാൻ നടന്നു. ഒരു പത്തു പതിനഞ്ചു വീടുകൾ, സെബസ്ത്യാനോസ് പുണ്യവാളന്റെ ഒരു ചെറു ദേവാലയം, സെമിത്തേരി പിന്നെ ഒരു മദ്യശാല ഇതാണ് ആ ഗ്രാമം.
ഗ്രാമ വഴികളിലൂടെ നീങ്ങിയ എന്നെ കൗതുകത്തോടെ നോക്കുന്ന അനേകം കണ്ണുകൾക്കിടയിലൂടെ ആ മദ്യശാല ലക്ഷ്യമാക്കി ഞാൻ നടന്നുകൊണ്ടേയിരുന്നു.

കനത്ത മരവാതിലുകൾ തള്ളിത്തുറന്ന് ഞാനവിടേക്കു പ്രവേശിച്ചപ്പോൾ അട്ടഹാസങ്ങൾകൊണ്ടും ഗ്ലാസ്സുകൾ കൂട്ടിമുട്ടുന്ന ശബ്ദങ്ങൾകൊണ്ടും മുഖരിതമായിരുന്ന അവിടം ഒരു നിമിഷംകൊണ്ടു നിശ്ചലമായി. എല്ലാ കണ്ണുകളും എൻ്റെ മേൽ തറക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഭീമകരന്മാരായ, വലിയ ഫയൽമാന്മാരെപോലുള്ള ആളുകൾ എന്നെ തുറിച്ചുനോക്കി കൊണ്ടിരുന്നു. ആ നിശബ്ദതയിൽ എനിക്കെൻ്റെ ഹൃദയമിടിപ്പുകേൾക്കാമെന്നു തോന്നി. ഒരുവേള ഇറങ്ങിയോടിയാലോ എന്നുവരെ തോന്നിപ്പോയി. ഒഴുവുള്ള കസേരകൾ ഒന്നും കണ്ണിൽപെടാത്തതിനാൽ എന്തുംവരട്ടെയെന്നുകരുതി ഒരു ഫയൽവാന്റെ അടുത്ത് കസേരവലിച്ചിട്ടിരുന്ന് ഒരു വെളുത്തുള്ളിസൂപ്പും ബഗേത്തും ഒരു ജാറ കഭാളയും ഞാൻ വിളിച്ചുപറഞ്ഞു. ക്രമേണ തുറിച്ചുനോട്ടങ്ങൾ കൗതുകങ്ങളായും ചെറുപുഞ്ചിരികൾക്കും വഴിമാറി. എനിക്കു ഭക്ഷണവുമായിവന്ന “തെരേസ”ക്കുമാത്രമേ അല്പമെങ്കിലും ഇംഗ്ലീഷ് അറിയൂ. അവൾ സ്ലോവാക്യൻ തലസ്ഥാനമായ ”ബാർട്ടിസ്‌ളാവ” യിലെവിടെയോ ജോലിചെയ്തിട്ടുണ്ട്. ഇവർ ആദ്യമായാണ് ഒരു ഇൻഡ്യക്കാരനെ കാണുന്നത്. അതിൻ്റെ കൗതുകമാണ് ആ മദ്യശാലയെ അല്പനേരത്തേക്ക് നിശ്ശബ്ദമാക്കിയത്. പിന്നീട് ഇന്ത്യയെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും തെരേസ വഴി അവർക്കു ഞാൻ മറുപടി നല്കിക്കൊണ്ടിരുന്നു.

പെട്ടന്നാണ് അവിടെ ഒരു തീരുമാനമുണ്ടായത്. ഇന്നത്തെ എൻ്റെ എല്ലാ ചിലവുകളും ഈ ഫയൽവാൻമാരുടെ വകയാണത്രെ. മദ്യപിച്ച് ശീലമില്ലാത്തതിനാലാവാം രണ്ടണ്ണം അകത്തുചെന്നപ്പോൾതന്നെ എൻ്റെ കാര്യത്തിന് ഒരു തീരുമാനമായിത്തുടങ്ങി. ലഹരിയുടെ ശംഖുപുഷ്പങ്ങൾ തലച്ചോറിൽ വിരിഞ്ഞുണരുന്നത് ഞാനറിഞ്ഞു. അവരിലാരോ എന്നോട്‌ ഒരു ഇന്ത്യൻ പാട്ടു പാടുവാൻ ആവശ്യപ്പെട്ടു. “ചാന്ദനീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ” എന്നു ഞാൻ ലഹരിയിൽ ഉറക്കെപ്പാടി. ഒരു ഗ്രാമം മുഴുവൻ എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ എൻ്റെ പാട്ട് ശരിയായില്ലായെന്ന് എനിക്കു തോന്നി . ഒരു നിമിഷം ഞാൻ ശ്രീകണ്ഠപുരം ചൂളിയാട് ഷാപ്പിലാണെന്നു കരുതിപ്പോയി.. പിന്നെ ഒന്നും നോക്കിയില്ല കൊടുങ്ങല്ലൂരമ്മയെ മനസ്സിൽ ധ്യാനിച്ചു “താനാരോ തന്നാരോ” രാഗത്തിൽ ഒരു കാച്ച് അങ്ങു കാച്ചി.

സന്ധ്യ രാത്രിക്കും, രാത്രി പാതിരാവിനും വഴിമാറി. എൻ്റെ മേളപ്രമാണങ്ങൾ ചെമ്പടകൊട്ടിക്കയറി. പെട്ടന്നാണ് തിരികെ പോകണം എന്ന ബോധോദയമുണ്ടായത്. ടൗണിലേക്കുള്ള അവസാന ബസ്സും പോയിക്കഴിഞ്ഞിരുന്നു. എൻ്റെ ഇoഗിതമറിഞ്ഞ തെരേസ അഞ്ചാറു നാഴിക അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക്‌ ഗോതമ്പുകറ്റയുമായി പോകുന്ന ഒരു കുതിരവണ്ടിയിൽ എന്നെ കയറ്റിവിടുവാൻ തീരുമാനമുണ്ടാക്കി. അവിടെ നിന്നും മീറ്റർ ഗേജ് തീവണ്ടിയിൽ തിരികെ “സ്പിസ്‌ക നോവ വെസ്” ലേക്കും.
വിലകുറഞ്ഞ പുകയിലചുരുട്ടും, വിയർപ്പും ചാരായവും മണക്കുന്ന ആലിംഗന വിടവാങ്ങലുകൾക്കൊടുവിൽ ഞാൻ പുറത്തേക്കിറങ്ങവെ , വീണ്ടും തിരികെ തെരേസയുടെ അടുക്കലെത്തി അവളുടെ സുഗന്ധപൂരിതമായ കവിളുകളിൽ ചുംബിച്ചു കൊണ്ട്‌ ഞാനവളോടു പറഞ്ഞു; ” തെരേസ, നീ സ്ലോവാക്യയിലെ ഏറ്റവും സുന്ദരിയായ പെണ്കുട്ടിയാണ്. എനിക്കൊരു കൂട്ടികാരിയില്ലായിരുന്നുവെങ്കിൽ തീർച്ചയായും നിന്നെ ഞാൻപ്രണയിച്ചുപോയേനെ”. ആ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു…

കൊയ്ത്തു കഴിഞ്ഞ വിശാലമായ , ചക്രവാളത്തോളം പരന്നു കിടക്കുന്ന ഗോതമ്പു പാടത്തിൻ്റെ മധ്യത്തിലൂടെ ഗ്രിഗോറിയോയുടെ കുതിരവണ്ടിയിലടുക്കയിട്ട ഗോതമ്പു കറ്റകൾക്കു മുകളിരുന്ന്, അനുഗമിക്കുന്ന നായയെയും അരണ്ട നിലാവും കണ്ടുകൊണ്ട് കൈകൾ തലയിണയാക്കി ഞാനാ കുതിരവണ്ടിയിൽ മലർന്നു കിടന്നു. അനാദിയായ കാലം മുതൽക്കേ പഞ്ചതന്മാത്രകളുടെ രാസനടനത്തെ അഭംഗുരം പരിപാലിക്കുന്ന, സമയകാലങ്ങളെ അതിവർത്തിച്ചു സ്ഥായിയായി നിലകൊള്ളുന്ന ആ മഹാബോധമണ്ഡലത്തിൻ്റെ പ്രഭവസ്ഥാനം എൻ്റെതന്നെ സത്തയിലെന്ന തിരിച്ചറിവുകളുടെ സമാധ്യാവസ്ഥകളിൽ എനിക്കെന്നെ നഷ്ട്ടപ്പെട്ടുപോയിരിക്കുന്നു.
ഈ ശരീരമെന്ന ബോധത്തിനപ്പുറം ഞാനെന്ന അസ്തിത്വത്തിന്റെ ആധാരവിതാനങ്ങളിൽ… അനാദിയും അനർഗ്ഗളവുമായ താള വിന്യാസങ്ങളിൽ നിരന്തരം സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ആ പരംബോധത്തിന്റെ കെടാവിളക്കുകളാണ് നീയും ഞാനുമെന്ന തിരിച്ചറിവുകളുടെ ഉണ്മകളുണരുമ്പോൾ നമുക്ക് യാത്രകൾ അവസാനിപ്പിക്കേണ്ടി വരുന്നു… അമൂർത്തവും തീവ്രവുമായ അനുഭവങ്ങളുടെ അഗ്നിയിലേക്ക് നാം സ്വയം ആകർഷിക്കപ്പെടുകയും വിലയിച്ചു ചേരുകയും ചെയ്യും. അപ്പോൾ യാത്രകൾ പൂർത്തീകരിക്കപ്പെടുകയും അനുഭങ്ങളെ ലിഖിതപ്പെടുത്തിവെക്കുവാനുള്ള അദമ്യത അപ്രസക്തപ്പെട്ടുപോവുകയും ചെയ്യുന്നു.

**** തനിച്ചുള്ള എൻ്റെ യാത്രകൾ ഇവിടെ അവസാനിച്ചിരിക്കുന്നു. മുൻപൊരിക്കലെവിടെയോ ഞാൻ പറഞ്ഞു വെച്ചപോലെ; ”വീടെന്ന സങ്കൽപ്പം, അമ്മയുമഛനുമെന്ന വിളക്കുമാടത്തിലേക്ക് തിരികെ നടത്തുന്ന തീർഥാടാനങ്ങളാണ്. പിൻതുടരുവാൻ കുഞ്ഞുകാലടികളോ പിൻവിളി വിളിക്കുവാൻ കണ്മുനകളോ കാവലില്ലാത്തവന് ഉലകമൊരു സത്രവും യാത്രകൾ സ്വർഗ്ഗവുമാകുന്നു”.
എന്നാൽ ജീവിതത്തിൻ്റെ പുനഃക്രമീകരണത്തിൽ ഇവ ഇപ്പോൾ അപ്പ്രസക്തപ്പെട്ടുപോയിരിക്കുന്നു. ഇപ്പോഴെനിക്ക് പിൻവിളി വിളിക്കുവാൻ കണ്മുനകളുടെ കാവലുണ്ട്. വൈകാതെ തന്നെ ഒരു ബൊഹീമിയൻ – ദ്രാവിഡീയൻ ജീൻ കോക്ടൈൽ ഉടലെടുക്കുകയും അനുഗമിക്കുന്ന കുഞ്ഞു കാലടികളായി രൂപാന്തരപ്പെടുകയും ചെയ്തേക്കാം. എങ്കിലും എനിക്ക് വേരുകൾ എന്നത്… അമ്മയുമഛനുമെന്ന വിളക്കുമാടത്തിലേക്ക് തിരികെ നടത്തുന്ന തീർഥാടാനങ്ങൾ തന്നെയാണ്.

Siju Kottarathil Jose.

Advertisements

One thought on “അലയുന്നവന്റെ സങ്കീർത്തങ്ങൾ!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s