– ഇങ്ഗല ഹാവാസ് മീർബർഗ് – ഒരോർമ്മ!!!!!

പ്രണയ തീവ്രതയിലെ പാപങ്ങൾക്കൊരു പരിശുദ്ധിയുണ്ട്. അത് കളങ്കരഹിതവും വിശുദ്ധവുമത്രെ! പ്രണയം പ്രകൃതിയാണ്… പ്രകൃതി, നിതാന്തമായ ആദിമേച്ഛയുടെ അനസ്യൂതമായ ഒഴുക്കും. കാലത്തെ സാക്ഷിയാക്കി സൃഷ്ടി ,സ്ഥിതി , ലയ സംഹാരങ്ങളെ അഭൂതപൂർവമായ താളബോധത്തിൽ സങ്കലനം ചെയ്യിച്ചുള്ള നിരന്തര പ്രവാഹം… അതിൽ ഞാനും നീയുമെല്ലാം ചിറകു മുളക്കുന്നതു സ്വപ്നം കാണുന്ന നിസ്സാരരായ ബീജ ബിന്ദുക്കൾ.

ഫിന്നിഷ് – നോർവീജിയൻ അതിർത്തിയിലെ അനർജൊഖ (Anarjokha) നദിക്കരയിൽ വെച്ചാണ് മൂന്നു വർഷങ്ങൾക്കു മുൻപ് അവളെ ഞാൻ ആദ്യം കണ്ടത്. അപ്പോൾ താഴ്വരയിലെ പേരറിയാ മരങ്ങളിൽ വസന്തം വരവറിയിച്ചു തുടങ്ങിയിരുന്നു.

വിണ്ടുകീറിയ കാൽ പാദങ്ങളുടെ അഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന ഒരു ദിവസപ്പാതിയിൽ അപ്പ്രതീക്ഷിതമായി അവളെന്റെ കൂടാരത്തിലേക്കു കയറിവന്നു. അനിതരസാധാരണമായ പളുങ്കുകണ്ണുകളിൽ കരുണയുടെ വിളക്കുകത്തുന്ന, മുലകളിൽ പ്രാക്തനമായ ഏതോ വൈക്കിങ്ങ് ലിപികൾ പച്ചകുത്തിയ, സമുദ്രത്തിൻറെ പേരുള്ള ”ഇങ്ഗല ഹാവാസ് മീർബർഗ്”.

സാമി ഗോത്രത്തെയും നക്ഷത്രങ്ങളെയുംക്കുറിച്ച് അവൾക്ക് അപാരമായ അറിവായിരുന്നു. റെയിൻഡിയറുകളെക്കുറിച്ചും തന്റെ പ്രപിതാമഹന്റെ കല്ലറ തേടിയുള്ള ഏകാന്ത യാത്രകളെ ക്കുറിച്ചും അവൾ വാചാലയായി. യോഗവും ധ്യാനവും മോക്ഷവും ഞങ്ങളുടെ വാക്കുകൾ പുനർനിർവചിച്ചു.
പിന്നീടെപ്പോഴോ വാക്കുകൾക്കു വിരാമമിട്ട് എന്റെ കണ്ണുകളിൽ ചുംബിച്ചുകൊണ്ട് അവൾ പ്രണയം വിളംബരം ചെയ്തു. ചിലർ അങ്ങിനെയാണ് പ്രണയം നഷ്ടപ്പെടാതിരിക്കുവാൻ ആദ്യമേ ശരീരംകൊണ്ട് മുദ്ര വെയ്ക്കും.

അവൾ നിർമ്മലവും വിശുദ്ധവുമായ ഊർജത്തിന്റെ പരിഛെദമായിരുന്നു. എല്ലാറ്റിനെയും വലിച്ചെടുത്ത്‌ തന്നിലേക്ക് വിലയം പ്രാപിപ്പിക്കുന്ന അനന്തമായ കരുണയുടെ, അനാത്മവൈഭവയായ… ഷഡ്ചക്രോപരിസംസ്ഥിതയായ ദേവിയുടെ ഊർജം. അതിൽ ഞാനലിഞ്ഞപ്പ്രത്യക്ഷനായി. തപസ്സും മൈത്രിയും ധർമ്മവും കൊണ്ട് പ്രജ്ഞയിൽ താമര വിരിയിച്ച എന്റെ ആത്മപ്രഭയിൽ അവളും…

അല്ക്ഷ്യവും ഭ്രാന്തവുമായ പഴയ ദേശാടനതിലെപ്പോഴോ ബംഗാളിൽ വെച്ച് ”ലളിതാ സുന്ദരി” എന്ന ഭൈരവി പകര്ന്നു നൽകിയ കൌള തന്ത്രത്തിന്റെ അപരിമേയമായ അറിവുകൾക്കൊണ്ട് ഞങ്ങൾ ശിവപാർവതിമാരായി രൂപാന്തരപ്പെട്ടു. ഞങ്ങളുടെ ലാസ്യതാണ്ടവത്തിന്റെ ദോളനാന്തോളങ്ങളിൽ നദിയും പ്രകൃതിയും ചെറുമീനുകളും പ്രകമ്പനം കൊണ്ടു. ഞാൻ എന്നെ അവളിലും അവളെ അവൾ എന്നിലും സാഷാത്കരിച്ചു.

വീടെന്ന സങ്കൽപ്പം അമ്മയുമഛനുമെന്ന വിളക്കുമാടത്തിലേക്ക് തിരികെ നടത്തുന്ന തീർഥാടാനങ്ങളാണ്. പിൻതുടരുവാൻ കുഞ്ഞുകാലടികളോ പിൻവിളി വിളിക്കുവാൻ കണ്മുനകളോ കാവലില്ലാത്തവന് ഉലകമൊരു സത്രവും യാത്രകൾ സ്വർഗ്ഗവുമാകുന്നു.
വിദൂരമായ നോർവീജിയൻ ഗ്രാമത്തിൻറെ ചൈതന്യമുള്ള, മുലകളിൽ പച്ച കുത്തിയ, സമുദ്രത്തിന്റെ പേരുള്ള പെൺകുട്ടിയിൽ നങ്കൂരമുറപ്പിക്കാതെ ഞാൻ യാത്രകൾ തുടരുന്നു …
ലക്ഷ്യങ്ങളില്ലാത്ത, മുന്നൊരുക്കങ്ങളില്ലാത്ത ഒരു നിയോഗം പോലുള്ള നിരന്തര യാത്രകൾ….

പലപ്പോഴും തീക്ഷണമായ അനുഭവങ്ങളുടെ ചില്ലുകൊണ്ടു മുറിഞ്ഞ, വ്യഥയുടെ ചിലന്തിവലകളിൽ കുടുങ്ങിയ വ്രണിതഹൃദയവുമായി ഞാൻ അലയാറുണ്ട്. അപ്പോഴൊക്കെ കാട്ടുകല്ലിലരച്ച പച്ചമരുന്നായി യാത്രകൾ മുറിവുണക്കുന്നു.

ഈ യാത്രകളിൽനിന്നെല്ലാമൊരു മടങ്ങിവരവുണ്ടെങ്കിൽ, ജീവിതത്തിന്റെ ഈ സ്നെയ്ക്ക് ആൻഡ് ലാഡർ ഗെയിമിൽ നിന്നൊരു ചാട്ടം ചാടണം. പാമ്പുകളുടെ വായിലകപ്പെടാത്ത ഒരു കുതിരച്ചാട്ടം…

പിന്നീട്, പടിയിറങ്ങിപ്പോയ പ്രണയത്തെ തിരികെ വിളിക്കണം… പരേതമായ നന്മകൾക്ക് ബലിയിടണം…

പുനർജീവനത്തിന്റെ അശ്വനീദേവകൾക്ക് പ്രാർത്ഥനകളുടെ ഉടമ്പടികൾ നൽകണം..
എന്നിട്ട് നന്മകളറിഞ്.. ഗുരുവിനെതൊട്ട് വെളിച്ചത്തിലേക്ക്.. ബോധത്തിന്റെ ഉണർവിലേക്ക് ഒരിക്കൽക്കൂടിയൊരു ക്വാണ്ടംലീപ്പ്.

അങ്ങനെ ആത്മബോധത്തിന്റെ ഗർഭഗൃഹത്തിൽ നിതാന്ത ഗർഭസ്ഥനായി വീണ്ടും ജനിക്കാതിരിക്കാനുള്ള കലകളിൽ കരവിരുതുനേടണം..

Advertisements

One thought on “– ഇങ്ഗല ഹാവാസ് മീർബർഗ് – ഒരോർമ്മ!!!!!

  1. Pingback: – ഇങ്ഗല ഹാവാസ് മീർബർഗ് – ഒരോർമ്മ!!!!! | അഘോരശിവം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s