എന്റെ പ്രതികാരം

ഒരു കൂതറ വെബ് സൈറ്റ് വഴി ഇന്നലെയാണ് ”മഹേഷിന്റെ പ്രതികാരം” കണ്ടത്. എവിടെയൊക്കയോ എന്റെ ജീവിതവുമായി ബന്ധപ്പെട്ടു നില്ക്കുന്നതുപോലെ തോന്നി. എനിക്കുമുണ്ടായിരുന്നു അതുപോലെ അതേപേരിൽ ഒരു സൗമ്യ- പ്രകാശം പരത്തുംമുൻപേ അണഞ്ഞ ഒരു ചെറു തിരിവെട്ടം. ഒരു വ്യാഴവട്ടത്തിനപ്പുറം, ഓർക്കുവാൻ രസമുള്ള, നനവുള്ള, സൂചികുത്തുകളുടെ ട്രൌസറിട്ട കുട്ടിക്കാല പ്രണയ നായിക… എന്റെ പ്രണയത്തിന്റെ പാനപാത്രം തിരികെതന്നു നിറങ്ങളുടെ ലാബറിന്തുകളിലേക്ക് നടന്നുപോയവൾ…

കഴിഞ്ഞ അവധിക്കാലത്ത്‌ നാട്ടിൻപുറത്തെ ബസ്സ്‌സ്റ്റോപ്പിൽ വെച്ച് വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടു. മൂന്ന് മൂന്നര വയസ്സുവരുന്ന ചിത്രശലഭം പോലുള്ള ഒരു പെൺകുട്ടിയോടൊപ്പം.

കാവിമുണ്ടുടുത്തു രുദ്രാക്ഷ മാലാങ്കിതനും ഇടിവളധാരിയും, വരുതിക്കു നില്കാത്ത ചപ്പ്രത്താടിയുമുള്ള അഭിനവശിവനായ എന്നോട്;

അവൾ: സിജു എന്നെ അറിയുമോ? എന്നെ ഓർമ്മയുണ്ടോ?

ഞാൻ: പിന്നേ, അറിയാതെ പിന്നെ.

അവൾ: (കുട്ടിയെ ചൂണ്ടികാണിച്ച്) എന്റെ മോളാണ്

ഞാൻ: ഉം, എനിക്കുതോന്നി. നിന്നെ പോലെ തന്നെയുണ്ട്‌.

അവൾ : നീ കല്യാണം ഒന്നും കഴിച്ചില്ലേ, ഇപ്പോൾ എവിടാണ്? എന്താണു ഇപ്പോൾ പരിപാടി? നീ എന്താ ഒരു സ്വാമി ലുക്കിൽ?

ഞാൻ: ഇതുവരെ കല്യാണം കഴിക്കാൻ പറ്റിയ ആരെയും കണ്ടെത്തിയില്ല. എല്ലാ വണ്ടിക്കും തലവെച്ചു കൊടുക്കാൻ പറ്റില്ലല്ലോ. ഇപ്പോൾ സ്വീഡന്റെ തലസ്ഥാനം സ്റോക്ക്ഹോമിലാണ് താമസം. യൂറോപ്പിലെ പലരാജ്യങ്ങളിലും തെണ്ടി നടന്ന് മിഷലിൻസ്റ്റാർ ഷെഫുമാരുടെ അടുത്തു നിന്നും ആർട്ട്‌ ഓഫ് കൂക്കിംഗ് പഠിക്കുകയായിരുന്നു. ഇപ്പോൾ നാട്ടിൽ കള്ളുഷാപ്പിലെ ആശാന്മാരിൽനിന്നും ഹാർട്ട്‌ ഓഫ് കൂക്കിംഗ് പഠിച്ചോണ്ടിരിക്കുകയാ.( അവൾക്ക് മനസ്സിലായോ എന്തോ ) ഇതു സ്വാമി ലുക്ക്‌ അല്ല, ഷാപ്പ് ലുക്കാണ്.

ഞാൻ : നീ ഇപ്പോൾ എന്താണു പരിപാടി? ഇപ്പോൾ എവിടെയാണ്?

അവൾ: ഞാൻ നേഴ്സസാണ്. ഇപ്പോൾ സൌദിഅറേബ്യയിലെ ജിസ്സാനിലാണ് താമസം.

ഞാൻ: നിനക്ക് അങ്ങനെ തന്നെ വേണം!!!! ( അവളുടെ മുഖം വിവർണ്ണമാകുന്നു)

നമ്മുടെ നാറാണേട്ടന്റെ ചായക്കടയിൽ നിന്നും കട്ടൻചായയും പരിപ്പുവടയും കഴിച്ച് ഒരു സാധു ബീഡി ആഞ്ഞുവലിച്ച് വട്ടത്തിൽ വട്ടത്തിൽ പുക പറത്തുബ്ബോൾ കിട്ടുന്ന നിർവൃതിയൊന്നും ഏതായാലും എന്റെ പ്രതികാരത്തിനില്ലന്നുള്ള ആത്മഗതത്തോടെ ഞാൻ മുണ്ടും മാടികുത്തി നട്ടപ്ര വെയിലത്തെക്കിറങ്ങി അങ്ങില്ലാതായി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s