ഇനി ഞാൻ മരിക്കട്ടെ !!!

മരണം എന്നത് അതീവ സുന്ദരമായ ഒരു കടന്നുപ്പോക്കാണ്. മരണം എന്നത് ഉണങ്ങിയ ഒരില അതിൻ്റെ തായ്ത്തണ്ടിൽ നിന്നുമറ്റുവീണ്, തൻ്റെ നിലനിൽപിന് ആധാരമായ മണ്ണിൽ വിലയിച്ചു ചേരുന്നതുപോലെ അതീവ സുന്ദരവും , നൈസർഗ്ഗികവും, പ്രകൃതിദത്തവുമാണ്.

മറ്റൊരർത്ഥത്തിൽ മരണമെന്നത്, ബോധത്തിൻ്റെ അടുത്ത തലത്തിലേക്കുള്ള ട്രാന്സിഷനാണ്. ഏതൊരു ശുദ്ധ ബോധത്തിൽനിന്നാണോ ശരീരംകൊണ്ട് ”ഞാൻ” എന്ന പരിമിതപ്പെട്ട വ്യക്തിബോധത്തിലേക്ക് നാം വളർന്നിരിക്കുന്നു എന്ന ധാരണയുണ്ടാകുന്നത്, ആ മിഥ്യയിൽ നിന്നും തൻ്റെ ആധാരമായ ശുദ്ധബോധത്തിലേക്കുള്ള തിരിച്ചുപോക്കാണത്. ഒരു തരത്തിലുള്ള തീർത്ഥാടനം… യോഗാത്മകമായ ജീവിതംകൊണ്ടും സാധനാനുഷ്ടാനങ്ങൾകൊണ്ടും എനിക്കുണ്ടായിട്ടുള്ള പ്രത്യക്ഷാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മരണത്തെ ഞാനിങ്ങനെയാണ് മനസിലാക്കിവെച്ചിരിക്കുന്നത്.

വ്യക്തിയുടെ ശരീരത്തിൽ നിന്നും പ്രാണൻ അതിൻ്റെ നാല് ഉപാധികളോടുകൂടിയും, അഞ്ച് ഉപോപാധികളോടുകൂടിയും ഇറങ്ങിമാറുന്നതിനെയാണ് മരണം എന്ന് വിളിക്കുക എന്നാണ്, ഹിമാലയത്തിലെ നാഥ സമ്പ്രദായത്തിലെ എൻ്റെ ഗുരു ശിവകർനാഥ്‌ മനസ്സിലാക്കി തന്നിട്ടുള്ളത്, ഇങ്ങനെ തന്നെയായിരിക്കണം ഭാരതീയ ആത്മീയ ചിന്താപദ്ധതികളിലും വിവക്ഷിച്ചിട്ടുണ്ടാകുക എന്നു ഞാൻ കരുതുന്നു.

പ്രാണനെക്കൂടാതെ അപാനൻ, വ്യാനൻ, സമാനൻ, ഉദാനൻ എന്നീ പ്രാണങ്ങളും അതിൻ്റെ ഉപപ്രാണങ്ങളായ ദേവദത്തം , ധനഞ്ജയം, കൂർമ്മം ,കൃകരം, വരാഹം എന്നീ പത്തു പ്രാണങ്ങളുമാണ് ശരീരമെടുത്ത ജീവൻ്റെ കാര്യ കാരണ ശരീരങ്ങളിൽ വ്യാപിച്ചുനിന്ന് ശ്വസോച്ഛാസം മുതൽ ഉപാപചയപ്രവർത്തനങ്ങളെ വരെ നിയന്ത്രിക്കുകയും, അന്നമയാദി കോശങ്ങളിലൂടെ കടന്ന് ബോധാവസ്ഥ മുതൽ തുരീയാതീതംവരെ സ്വാധീനിച്ച് നിലകൊള്ളുന്നത്. ശരീരത്തിന്റെ ആധാരമായി നിലകൊള്ളുന്ന ഈ പത്തുപ്രാണങ്ങളുടെ ഗതിവിഗതികളിലാണ് ശരീരത്തിൻ്റെ നിലനില്പ്. എന്തിനധികം പറയണം ഞാനെഴുതിയതു വായിക്കുകയും അതിനെ തലച്ചോറിലിട്ടു പരിണാമപ്പെടുത്തി അർഥം മനസ്സിലാക്കി ശേഖരിച്ചു വെയ്ക്കുന്നതുപോലും ഈ പ്രാണങ്ങളുടെ ശക്തിവിലാസത്തിലെന്നു മനസ്സിലാക്കുക.

വായു നിറഞ്ഞുനിൽക്കുന്ന ഒരു ബലൂൺ പൊട്ടിത്തെറിച്ച് ഏതുപ്രകാരത്തിലാണോ ബലൂണിലുണ്ടായിരുന്ന വായു പുറത്തെ വായുവുമായി സമന്വയിച്ചത് അതുപോലെയാണ് മരണശേഷം വ്യക്തിബോധം സമഷ്ടിബോധവുമായി സമന്വയിക്കപ്പെടുക. മറ്റൊരു താരത്തിൽപ്പറഞ്ഞാൽ എപ്രകാരമാണോ സമുദ്രത്തിൽ ഉയർന്നുവന്ന ഒരു തിര അല്പനേരത്തിനുശേഷം സമുദ്രവുമായി വിലയിച്ചുചേർന്ന് സമുദ്രമായിത്തന്നെ തീരുന്നത്, അപ്രകാരം തന്നെയാണ് വ്യക്തിബോധം ( Individual Consciousness) സമഷ്ടിബോധവുമായി ( Cosmic Consciousness ) വിലയിച്ചുചേരുന്നത്. ഇത് അഗാധമായ ധ്യാനത്തിലൂടെ പ്രത്യക്ഷാനുഭവംകൊണ്ട് ഞാൻ മാസിലാക്കിയതുപോലെ നിനക്കും മനസ്സിലാക്കാവുന്നതേയുള്ളു.

അന്തോണി മരിച്ചാലും, അച്യുതനും അഷ്റഫും മരിച്ചാലും ഇതുതന്നെയാണ് സംഭവിക്കുക.

മറ്റൊരർത്ഥത്തിൽ, അനാദികാലം മുതൽക്കേ ഈ പ്രപഞ്ചത്തിലും പ്രപഞ്ചധീതത്തിലും ശുദ്ധവും പൂർണ്ണവുമായ ബോധം മാത്രമേ നിലനിൽക്കുന്നുള്ളൂ. ആരും ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. നീയും ഞാനുമില്ല, ഞങ്ങളും നിങ്ങളുമില്ല. നാമെല്ലാം ബോധക്കടലിൽ ഒരു നൊടിനേരത്തേക്കുയർന്നുനിൽക്കുന്ന വെറും അലകൾ മാത്രം.

തിബറ്റിലെ കാഗ്യു ബുദ്ധ തത്വശാസ്‌ത്രങ്ങളിൽ മരണത്തെക്കുറിച്ചും ശരീരംവിടപ്പെട്ട ബോധത്തിൻറെ പരിണാമവികാസങ്ങളെക്കുറിച്ചും വളരെ വിശദവും വ്യക്തവുമായി പ്രതിപാദിക്കുന്നുണ്ട്. ഇത്തരം അറിവുകൾ ആത്മീയ സാധനാനിഷ്ഠകളിലൂടെ മാത്രമേ നേടിയെടുക്കുവാനാകൂ. ലാമ സോപ റിമ്പോച്ചെ ( Lama Zopa Rinpoche ) യിലൂടെ ഇത്തരം അറിവുകളിലേക്കു കടന്നു ചെല്ലുവാൻ എനിക്കു സാധിച്ചിട്ടുണ്ട്.

പാലക്കാട് വണ്ടിത്താവളം തപോവരിഷ്ഠാശ്രമത്തിൽ എൻ്റെ ശ്രീ ഗുരു തഥാതൻ്റെ കാൽചുവട്ടിലിരിക്കുമ്പോൾ ഒരിക്കൽ ഞാനദ്ദേഹത്തോടു മരണത്തെക്കുറിച്ചു ചോദിക്കുകയുണ്ടായി . അദ്ദേഹം ചിരിച്ചുകൊണ്ട് തനിപാലക്കാടൻ ഗ്രാമ്യഭാഷയിൽ എന്നോടു പറഞ്ഞത്; ”നീ ആദ്യം ജീവിതത്തെക്കുറിച്ചറിയാൻ ശ്രമിക്കൂ; ജീവിതത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവുതന്നെയാണ് മരണത്തെക്കുറിച്ചുള്ള അറിവും” എന്നാണ്.

എന്നെ വായിക്കുന്ന നിന്നോടും ഇതുതന്നെയാണ് എനിക്ക് പറയുവാനുള്ളത്. ജീവിതമെന്ന ഈ അഭൂതപൂർവ്വമായ വിസ്മയത്തെ, നിൻ്റെ നൈസർഗ്ഗിക സിദ്ധികളായ ധ്യാന, ധാരണ, ധിഷണാദികളുടെ സഹായത്തോടെ മനസിലാക്കുവാൻ ശ്രമിക്കുക. നിൻ്റെ ആർത്ത ഹൃദയത്തിൻറെ വ്യഥയടക്കുവാൻ നിനക്കായി കാലം കാത്തുവെച്ച ഗുരുവിലേക്ക് വ്യതിചലിച്ചു യാത്രചെയ്യുക. മരണമെന്നത്, പ്രണയംപോലെ സുന്ദരമായ ആയിത്തീരലുകളാണെന്ന ബോധത്തിലേക്ക്.. പരമമായ ഉണ്മയിലേക്ക് അയാൾ നിന്നെ വഴിതെളിക്കും.

പ്രണയം!

ഇതുവരെയുണ്ടായ പ്രണയങ്ങളെല്ലാം
നീയെന്ന മഹാസമുദ്രത്തിലേക്കു പയനിച്ച നദികളായിരുന്നു.
സമയകാലങ്ങളുടെ അതിർവരമ്പുകളിലൂടെ ഇടറിയുമിടഞ്ഞുമൊഴുകിയ പയനങ്ങൾ…

ഇന്ന്,
ഈ മെയ് മാസത്തിന്റെ അഴിമുഖത്തിലൂടെ ഞാൻ നിന്നിൽ പ്രവേശിച്ച്
വിശ്രാന്തപ്പെട്ടിരിക്കുന്നു.

ഇനി,
നീയും ഞാനുമില്ല- നമ്മൾ മാത്രം.

ഉണർവ്‌ തേടി വെളിച്ചത്തിലേക്കുള്ള യാത്രയിൽ..
പാരിജാതത്തിന്റെ മണമുള്ള നിന്റെ കൈവിരലുകളുടെ സ്നിഗ്ദ്ധതയിൽ
ഞാൻ വിശ്രമിക്കുകയും, വിത്തുകൾ വിതക്കുകയും സ്വപ്നംകാണുകയും ചെയും.

പിന്നീട്,
നിഴലുകളലിഞ്ഞുപോകുന്ന ബോധകാലത്ത്
ഞാനൊരു മരമായിമാറും.
ഭൂമിയുടെ നാഭിയോളം വേരുകളാഴ്‌ത്തിയ
ഒരു കാഞ്ഞിര മരം.

ഒരേ വാക്കുകൾ!!!

നീ മറന്നപ്പോളാണു ഞാൻ മരിച്ചത്!

എൻ്റെ കണ്ണീരു വാറ്റിയ ലഹരിയാണു
നിൻ്റെ അഗ്നിഹോത്രത്തിൻ്റെ ചമത.

നമുക്കൊരു കാലമുണ്ടായിരുന്നു
വെളിച്ചത്തിൻ്റെ നേർരേഖകളിലേക്ക് വിരൽ ചൂണ്ടി
മരനിഴലുകളിൽ പ്രണയം പകുത്ത കാലം…

നിൻ്റെ ചിരികളിൽ….
കണ്ണുനീരിൻ്റെ ഉച്ചസ്ഥായിയിലെ പ്രകമ്പനങ്ങളിൽ..
പിറവിയുടെ ഊർജരേതസ്സുകൾക്കു ചലനമറ്റ
കറുത്ത കാലത്തിൻ്റെ തുടിപ്പുകൾ മരിക്കുന്നു.

വീണ്ടുമൊരു കാലം വരും,
അന്നു നിൻ്റെ ചിരിയൊരു
നന്നാറിമണമുള്ള ചാരായാമാകും..
അപ്പോൾ, കാലത്തിൻ്റെ പിരിയൻ ഗോവണിച്ചുവട്ടിൽ
ഞാൻ മറന്നുവെച്ച കമണ്ഡലുവിൽ
നന്മയുടെ വിശുദ്ധജലംനിറയും
ആത്മബോധത്തിൻ്റെ അഗ്നിയിൽ നിന്നും
ബോധിയുടെ ഒരു തളിരും ബുദ്ധനുമുയരും.

എൻ്റെ വാക്കുകളിൽ…
അരികു പൊള്ളിയ ജീവിതത്തിൻ്റെ വടുക്കളിൽ
ഉപ്പുവെള്ളം വീണവൻ്റെ നീറ്റലുകളുണ്ട്.
എങ്കിലും വരൂ, എൻ്റെ മരണമൊരാഘോഷമാക്കൂ
നമുക്കീ രാത്രിയിൽ വിരഹമൊരു ലഹരിയാക്കാം.
അറിവും ഉണ്മയും ഗണിച്ച്‌
നമുക്കൊരു സമവാക്യമാകാം

നിൻ്റെ നരച്ച കണ്‍കളിൽ
നീ തുറന്നിട്ട വാതിലിൽ
ഇനിയും പറയാത്ത
വിറുങ്ങലിച്ച വാക്കിൻ വിങ്ങലുകളുണ്ട്.

ജീവിതം എനിക്ക്
രണ്ടുച്ചസ്ഥായിക്കിടയിലെ
ചലനമില്ലയ്മയും നിശബ്ദതയുമാണ്.
The stillness and silence between two extremes

കവിത ,
മരിക്കാതിരിക്കാനുള്ള മരുന്നും.

/സിജു കൊട്ടാരത്തിൽ ജോസ്/

ഒരു വാലന്റൈൻ ഓർമ്മകുറിപ്പ് !!!

സമർപ്പണം-: പണ്ട്, ഇന്ത്യ മുഴുവൻ ഭിക്ഷാംദേഹിയായി അലഞ്ഞു നടന്നിരുന്ന, തിരിച്ചറിവുകളുടെ താമരകൾ വിരിയുന്ന വിശുദ്ധകാലത്തിൻ്റെ വേരുകൾതേടിയുള്ള യാത്രകളിലെപ്പോഴോ, വിശന്ന് ക്ഷീണിതനായി ജയ്സാൽമീറിലെ പേരറിയാത്ത ഏതോ ഒരിരുണ്ട ഗലിയിൽ തളന്നിരുന്നപ്പോൾ ലാൽമാസും ബിക്കാനീറി റൊട്ടിയും വാങ്ങിത്തന്ന് , തൻ്റെ മുഷിഞ്ഞ സാരിത്തലപ്പ് കുപ്പിവെള്ളത്തിൽ പിഴിഞ്ഞ് ചൂടുകൊണ്ട്‌ തിണർത്ത എൻ്റെ നെറ്റിത്തടത്തെ പൊതിഞ്ഞ, മുഷിഞ്ഞ രണ്ട് അഞ്ഞൂറ് രൂപാനോട്ടുകൾ എൻ്റെ കയ്യിൽവെച്ചുതന്ന് ”തിരികെ നിൻ്റെ അമ്മയുടെ അടുക്കലേക്കു പോകൂ” എന്നുപദേശിച്ച ‘രാധാഭായി’ എന്ന വേശ്യയുടെ കണ്ണുകളിൽ കണ്ട അനാദിയായ നന്മയുടെ വിശുദ്ധപ്രകാശത്തിന്.
************************************************************************************

എന്തുകൊണ്ടോ നാളിതുവരെ ഒരുപ്രണയത്തിലും അധികനാൾ ബന്ധനസ്ഥനാകപ്പെടേണ്ടിവന്നിട്ടില്ല. അവസാനമില്ലാത്ത നിരന്തര യാത്രകളും, ആത്മീയതയും, തത്വചിന്തയും സാധാരണക്കാരന്റെ നിത്യജീവിതത്തിലെ നന്മയുടെ ചിത്പ്രകാശങ്ങളിലുമൊക്കെയാണ് ആത്യന്തികമായി ഹൃദയം കൊരുക്കപ്പെട്ടുപോയത്. റിൽക്കയും, നെരൂദയും, പൗലൊ കൊയ്‌ലോയും, ഹോസെ സരമഗുവും, ടോമാസ് ട്രാൻസ്ട്രോമറും, ഇൻഗർ ബർഗ്മാനുമൊക്കെ അപഹരിച്ച ഈഹൃദയത്തിൽ പ്രണയമെന്നത്, ഭ്രാന്തിനിടയിലെ ബോധ വെളിച്ചത്തിന്റെ കൊള്ളിയാൻമിന്നലുകൾപോലെ നിനച്ചിരിക്കാതെ വല്ലപ്പോഴും സംഭവിച്ചുപോയവയാണ്.

സ്വയം നഷ്ടപ്പെട്ടുപോയേക്കാമായിരുന്ന ജീവിതത്തിന്റെ ഇരുൾഗർത്തങ്ങളിലേക്ക് പ്രകാശത്തിൻറെ അഗ്നിഗോളങ്ങൾ വലിച്ചെറിഞ്ഞു കടന്നുപോയ ഏതാനും പെൺകുട്ടികൾ. മറ്റുചിലരാകട്ടെ കണ്ണുനീരിന്റെ കറുത്ത അമ്ലചുംബനങ്ങൾക്കൊണ്ട് എൻ്റെ ചുണ്ടും കവിളും പൊള്ളിച്ചവർ.

പ്രണയത്തെ തീവ്രമായി അവതരിപ്പിക്കുവാൻ കഴിയുക പലപ്പോഴും അസാധ്യമാണ്. ഇന്നലെ എനിക്കത് ചെയ്യേണ്ടിവന്നു! ഫ്രാഞ്ചെസ്‌കോ ക്ലമെൻ്റെ (Francesco Clemente) ‘ യുടെ സൃഷ്ടികളെക്കുറിച് വാതോരാതെ സംസാരിച്ചുകൊണ്ട് എനിക്കൊപ്പം നടന്നിരുന്ന അവളെ പൊടുന്നനെ എനിക്കഭിമുഖമായി തിരിച്ചുനിർത്തി പേലവമായ അവളുടെ കരതലങ്ങളെ എന്റെ കൈകളിലെടുത്ത് സ്റ്റോക്‌ഹോമിലെ പുരാതന നഗരചത്വരത്തിനടുത്തുള്ള ബവേറിയൻ ദേവാലയത്തിനു മുൻപിലെ മിഖായേൽ മാലാഖയുടെ ചിറകൊടിഞ്ഞ പ്രതിമയുടെ മുൻപിൽവെച് അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്കു നോക്കി എനിക്കിങ്ങനെ പറയാതിരിക്കുവാനായില്ല. ”എൻ്റെ സത്തയിൽ നീയലിഞ്ഞു ചേരുംവരെ ഞാൻ നിന്നെ ഗാഢമായി ആലിംഗനംചെയ്യട്ടെ… നിൻറെ ആത്മാവിൻറെ ഗന്ധം എൻ്റെ ചുണ്ടുകൾക്ക് അനുഭവവേദ്യമാകുംവരെ ഞാൻ നിന്നെ തീവ്രമായി.. ആഴത്തിൽ ചുംബിക്കട്ടെ…”

ആ നിമിഷത്തിൽ സമയകാലങ്ങൾ നിശ്ചലമായി … താഴെ തടാകത്തിലെ നൗകകകളിൽനിന്നുമുയർന്നിരുന്ന നേർത്ത സംഗീതം വിശുദ്ധ വാഴ്ത്തുക്കളായി രൂപാന്തരപ്പെട്ടു. അപ്പോൾ വിറയ്ക്കുന്ന ചുണ്ടുകളാൽ അവളെന്നോടു മന്ത്രിച്ചു. സുതേലെ മിനു ആ സിജു.. സിജൂ .. എന്നെ ചുംബിക്കുക…!

ഫിന്നിഷ് ലാപ് ലാൻഡിലെ, വിദൂര ഗ്രാമായ കൊർവതുന്തുരിയിലെ സാമി ഗോത്രവർഗ്ഗതലവന്റെ മകൾ മിനയും പാലായിൽ നിന്നും ജീവിതം തേടി മലബാറിലെത്തിയ കൊട്ടാരത്തിൽ കുട്ടിച്ചേട്ടന്റെ ചെറുമകൻ സിജുവും കൈകൾ കോർത്തുപിടിച്ച് സ്കാന്ഡിനേവിയൻ പട്ടച്ചാരായത്തിന്റെ കറുത്ത ലഹരികൾ നുരഞ്ഞ… മരങ്ങളും മഞ്ഞവെളിച്ചവും ഇണചേർന്നുണ്ടായ നിഴൽനൂലിഴകളെ പിന്നിട്ട്, അപരിചിതമായ തെരുവുകൾ താണ്ടി അന്തമില്ലാത്ത രാത്രിയിലൂടെ അകലങ്ങളിലേക്ക് നടന്നുപോയി.

-എല്ലാ സഹയാത്രികർക്കും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ വാലന്റൈൻ ദിനാശംസകൾ. നിങ്ങൾ വിശുദ്ധവും ദിവ്യവുമായ പ്രണയത്തെ പുൽകുമാറാകട്ടെ. പ്രണയം ദിവ്യമായ ആനന്ദവും, ശരീര മനോ വാക് പ്രാണങ്ങൾക്ക് അതീതവും അപരിമേയവുമത്രെ.

ശ്രീ ശ്രീ മലപ്പട്ടം ജാനകി !

പ്രണയമില്ലാതെ പ്രാപിച്ച് പ്രാപിച്ച് ഊഷരമായ, വെള്ളക്കാരന്റെ ചത്തമനസ്സിലെ മുളക്കാത്ത വികാരങ്ങളുടെ കത്തിവേഷങ്ങൾ പകർത്തിയാടുന്ന മലയാളിയുടെ പോസ്റ്മോഡേൺ രതിധാരണകൾ യേശുബ്രോയുടെ അമ്മച്ചി മറിയച്ചേട്ടത്തിയെ ട്രോളുന്നതിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിലാണ് ശ്രീ ശ്രീ മലപ്പട്ടം ജാനകിയുടെ ഐതിഹാസികമായ ജീവിതം എത്രമാത്രം പ്രസക്തമായിരുന്നു എന്ന വസ്തുത വിചിന്തനം ചെയ്യപ്പെടേണ്ടത്.

വണക്കമാസം ചൊല്ലുന്ന ചേട്ടത്തിമാരോ താനേ നിറഞ്ഞൊഴുകുന്ന സുഗന്ധതൈലക്കുപ്പികളോ, ഒലീവ് മരത്തിന്റെ ചില്ലകളോ ഇവരെ സാക്ഷ്യപ്പെടുത്തുവാനില്ലാത്തതിനാൽ വിശുദ്ധവൽക്കരണത്തിന്റെ വർണ്ണ വീഥികളിൽ ഇവർക്കായി ഓശാനഗീതം മുഴങ്ങപ്പെടില്ലായെങ്കിലും ശ്രീ ശ്രീ മലപ്പട്ടം ജാനകി തലമുറകളെ അതിജീവിച്ചു നിൽക്കേണ്ടുന്ന പ്രതിഭാശാലിയും പ്രതിഭാസവുമാണ്.ആധുനിക ഫെമിനിസ്റ് പെണ്ണുങ്ങളുടെ ഹിപ്പോക്രാറ്റിക് നിലപാടുകളോട് സ്വജീവിതംകൊണ്ട് നിശബ്ദമായി കലഹിച്ച വ്യതിരിക്തമായ ആ വ്യക്തിത്വം കാലാന്തരത്തിൽ വിസ്മരിക്കപ്പെട്ടുപോവേണ്ടതല്ല.

പണ്ട്, എൻറെ നാടായ ശ്രീകണ്ഠപുരം ദേശത്തു സിനിമാനടൻ ജഗദീഷ് വന്നപ്പോളാണ് ഈയുള്ളവൻ ആദ്യമായി ജാനുവേച്ചിയെ കാണുന്നത്. സാമൂഹിക പെരുമാറ്റച്ചട്ടങ്ങൾക്ക് പുറത്തു ജീവിച്ചുകൊണ്ട് തങ്ങളുടേതായ സ്വാതന്ത്ര്യം തേടിപ്പോയ തീവ്ര സ്വതന്ത്രവാദികളായ ചില സുഹൃത്തുക്കളുടെ വർണ്ണാഭമായ ‘രത്യോളജിക്കൽ’ കഥകളുടെ ആകാശപ്പൂട്ടുകൾ തുറന്നെറിഞ്ഞുകൊണ്ട് അന്നവർ എന്റെ മുൻപിലവതരിച്ചു. എങ്കിലും അതിനും എത്രയോ മുൻപേ ഉത്തരമലബാറിലെ യുവാക്കളുടെ ശ്ലീലമല്ലാത്ത തോറ്റംപാട്ടുകളിലെ ദേവതയും, ദേവിയും ദൈവത്താറുമായി അവർ അവരോധിക്കപ്പെട്ടിരുന്നു.

വെള്ളയിൽ ചുവന്ന വലിയ ചെന്പരത്തിപൂവുകൾ പ്രിന്റ് ചെയ്ത ഷിഫോൺസാരിക്കു പിന്നിലിരുന്ന് അപ്രതീക്ഷിതമായ ഒരു കൈകടത്തലിന്റെ മഹാവിപ്ലവത്തിലൂടെ പൂർണമായും അനാച്ഛാദനംചെയ്യപ്പെട്ടെക്കാവുന്ന, സ്വാതന്ത്ര്യം സ്വപ്നംകാണുന്ന വലിയമാറിടവും മാടായിപ്പാറപോലെ വിശാലമായ ഇരിപ്പിടവുമൊക്കെ ലോഭമില്ലാതെ പ്രദര്ശിപ്പിച് ”ജാന്വേച്ചിയെ പൂയ്” എന്ന ചില ഭക്തരുടെ സ്മൃതിമന്ത്രങ്ങളെ തെല്ലൊരു പുച്ഛംകലർന്ന ചിരിയോടെ നേരിട്ട് സ്വയം ആറാട്ടുനടത്തുന്ന ഒരു ഗ്രാമദേവതയെപ്പോലെ ഭക്തവത്സലയായി അവർ അവിടെ, ആ ആൾക്കൂട്ടത്തിൽ അങ്ങനെ വിരാജിച്ചു.

കേരളത്തിലെ യുവതയുടെ രതിഭാവനകൾക്ക് സംഭവിക്കപ്പെട്ട സമഗ്രമായ മാറ്റങ്ങൾക്ക് തനതായ ഒരു ക്രോണോളജിയുണ്ട്. ഷക്കീലയും സണ്ണിലിയോണും തങ്ങളുടെ ആധുനിക ഗാഡ്ജറ്റുകളുടെ രഹസ്യ ഫോൾഡറുകളിൽ സമാധിയിരിക്കുന്നതിന് മുൻപും പിൻപും എന്നുവേണമെങ്കിൽ അവയെ പിരിച്ചുപറയാം. ഈ സ്ത്രീരത്നങ്ങൾ മലയാളിയുടെ ലൈംഗീക ചിന്താപദ്ധതികളിൽ സർജിക്കൽസ്‌ട്രൈക് നടത്തുന്നതിനുമുൻപുള്ള ആ നൊസ്റ്റാൾജിക് കാലഘട്ടത്തിൽ ഉത്തരമലബാറിലെ ശ്രീകണ്ഠപുരം, മലപ്പട്ടം, ചെമ്പേരി, ചേപ്പറംബ, പയ്യാവൂർ, കോട്ടൂർ, ഇരിട്ടി , ഇരിക്കൂർ, മട്ടന്നൂർ, തുടങ്ങിയ ദേശവാസികളായ അങ്കക്കലിപൂണ്ട ചേകവയുവത്വത്തിന്റ വികാരവിസ്‌സ്പോടനങ്ങളുടെ ബിഗ്‌ബാങ് തിയറിയെ നിയന്ത്രിച്ചിരുന്ന ലൈംഗീകതയുടെ ഓംബുഡ്സ്മാനായിരുന്നു ശ്രീ ശ്രീ മലപ്പട്ടം ജാനകി.

ശ്രീ ശ്രീ മലപ്പട്ടം ജാനകിമാരെപ്പോലുള്ള കുഴിക്കളരികളും ഇത്തരം പ്രസ്‌ഥാനങ്ങളുടെ പ്രധാന പ്രചരണ കേന്ദ്രങ്ങളുമായിരുന്ന നാടൻ കള്ളുഷാപ്പുകളും, കൊച്ചുപുസ്തകങ്ങളുടെ എഞ്ചുവടികളും മലയാളിയുടെ ലൈംഗീക വിദ്യാഭ്യാസത്തിൻറെ പ്രാഥമിക വിദ്യാലയങ്ങളായിരുന്ന ആ പൊയ്‌പ്പോയ കാലഘട്ടത്തിൻറെ ക്രമേണയുള്ള അപചയവും ഡിജിറ്റലൈസേഷന്റെ കടന്നുവരവും കേരളീയ യുവത്വത്തെ വികലപ്പെടുത്തിയ ചിന്താധാരകളുടെ ഭാരം പേറുന്ന അവ്യക്ത്തബോധത്തിന്റെ അടിമകളാക്കി മാറ്റിയിരിക്കുന്നു.

ഗ്രാമീണജീവിതത്തിന്റെ നന്മകളിലെ മലപ്പട്ടം ജാനകിമാരെപ്പോലുള്ള നിരുപദ്രവകാരികളായ ഇടറിവീഴ്ചകൾ നമുക്കന്യമായിത്തുടങ്ങിയപ്പോഴുണ്ടായിട്ടുള്ള ശൂന്യതയിലേക്കാണ് വികലമായ, ഉള്കാഴ്ചകളുളവാകാതെ വരണ്ടുപോയ കേരളീയ ഫെമിനിസം കടന്നുവരവ് നടത്തിയിട്ടുള്ളത്. അകാരണമായി പുരുഷവിരോധികളായ സ്ത്രീകൾക്ക് സംഘടിക്കാനൊരു വേദിയെന്നതിലേക്കു കേരളത്തിലെ ഫെമിനിസം ചുരുങ്ങിപ്പോയതും അതുകൊണ്ടുതന്നെയാണ്.

യാഥാർത്യത്തിലധിഷ്ഠിതമായിട്ടുള്ള ലൈംഗീക വിദ്യാഭ്യാസവും തുറന്ന സമീപനവും എന്നു നമുക്ക് സാധ്യമാണോ അന്നുമാത്രമേ തുറിച്ചുനോട്ടങ്ങളിൽനിന്നും ബലാൽക്കാരപരമായ വികൃത മൈഥുനങ്ങളിൽ നിന്നും ശാലീനതയുള്ള മലയാളത്തിന്റെ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെയും സുഖദമായ ആസ്വാദനത്തിന്റെയും തലത്തിലേക്ക് തന്റെ ശരീരം ബഹുമാനിക്കപ്പെടുന്ന വിധത്തിൽ നിർഭയത്വത്തിന്റെയും സങ്കോചമില്ലായ്മയുടെയും പൂർണ്ണസ്വാതന്ത്ര്യത്തിൽ പ്രാക്തനമായ നമ്മുടെ സംസ്കാരത്തിന്റെയും വംശവർദ്ധനയുടെയും രീതിശാസ്ത്രങ്ങളുടെ അടിസ്ഥാനമായ രത്യാദിശൃംഗാര കല്പനകളെ കലാപരമായ സാംസ്കാരിക ഔന്നിത്യത്തോടെ നോക്കികാണുവാനും ആസ്വദിക്കുവാനുമാകൂ.

P S: സുഖദവും ശാന്തവുമായ ഒരു വിശുദ്ധ പ്രണയത്തിന്റെ ബവേറിയൻ കുളിർക്കാറ്റ് അങ്ങ് ജർമനിയിലെ മ്യൂണിക്കിൽനിന്നും സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള എൻറെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു എന്നതിനപ്പുറം ശ്രീ ശ്രീ മലപ്പട്ടം ജാനകിയെയോ രത്യാദികാമകലകളിലോ ഈയുള്ളവന് യാതൊരുവിധ മുൻപരിചയമോ പ്രായോഗിക പരിജ്ഞാനമോ ഇല്ലായെന്ന് വിനയത്തോടെ അറിയിച്ചു കൊള്ളട്ടെ. നൈഷ്ഠികബ്രഹ്മചാരിയായ(ഈശ്വരാവബോധം സ്വതഃസിദ്ധമായ) ഈയുള്ളവന് ദിവസേനയുള്ള അഗ്നിഹോത്രവും ധ്യാനവും സന്ധ്യാവന്ദനവും തന്നെ ധാരാളം.

ഹിമാലയത്തിലെ നാഥ് യോഗിയായ ശിവകർനാഥ് എന്നെ പഠിപ്പിച്ചതുപോലെ:

ന മേ ഭോഗസ്‌ഥിതൗ വാഞ്ഛ
ന മേ ഭോഗവിസർജനേ
യദായാതി തദായാതു
തത് പ്രയാതി പ്രയാതു തത്
മനസാ മനശ്ചിന്നേ
നിരഹങ്കാരതാം ഗതേ
ഭാവനേ ഗളിതേ ഭാവെ
സ്വസ്തസ്‌തിഷ്‌ഠാമി കേവല:

ഭോഗങ്ങൾ അനുഭവിക്കണമെന്നോ ഭോഗത്തെ വെടിയണമെന്നോ എനിക്കാഗ്രഹമില്ല. വരുന്നത് വരട്ടെ പോകുന്നത് പോകട്ടെ, മനസ്സിൽനിന്നും മനസ്സ് വേർപെട്ടാൽ, അഹങ്കാരം അസ്തമിച്ചാൽ, ഭാവനായാൽ ഭാവനാനാശം സംഭവിച്ചാൽ, ഞാൻ കേവലം സ്വസ്തരൂപത്തിൽ സ്‌ഥിതി ചെയുന്നു.
( സന്യാസോപനിഷത് ).

കരോലിനയുടെ ചെകുത്താന്മാർ!!

കരോലിന, ആത്മതത്വമറിയുന്നതിലും വലിയ ആനന്ദമെന്താണ്? നിന്റെ പരിശുദ്ധമായ.. പൂർണ്ണമായ സത്തയുടെ വിശുദ്ധപ്രതിഭലനമാണ് ഈ പ്രപഞ്ചവും പ്രപഞ്ചാധീതവും എന്ന അറിവിലും വലിയൊരാനന്ദമുണ്ടോ?

അഖണ്ഡവും ആത്യന്തികവും സർവ്വത്തെയും അധികരിച്ചു നിലകൊള്ളുന്നതുമായ പൂർണ്ണാവബോധത്തിന്റെ പ്രഭവകേന്ദ്രം നീതന്നെയെന്ന തിരിച്ചറിവുകളിലുമുപരി മറ്റെന്താനന്ദമാണ് നിനക്ക് സ്ഥായീഭാവം നൽകുക?

ഒരിക്കൽ നീയതറിയുമ്പോൾ നീയനുഭവിക്കുന്ന, നിർഭയത്വത്തിൽനിന്നും ഉടലെടുത്ത പൂർണ്ണസ്വാതന്ത്ര്യത്തിൽ നിൻറെ കാമനകളുടെ എക്കൽമണ്ണിൽ നന്മമരങ്ങൾ വെളുത്ത പൂക്കളെ പ്രസവിക്കും. അതായിരിക്കും നിന്റെ വിളവെടുപ്പു കാലം. വസന്തകാലത്തിന്റെ ആഗമനത്തിനായി നിനക്കൊരിക്കലും കാത്തിരിക്കേണ്ടിവരില്ല…
പ്രഭുല്ലമായ നിന്റെ ബോധം സമയകാലങ്ങളെ
അതിക്രമിച്ചുനിലകൊള്ളുന്ന നിതാന്തവാസന്തങ്ങളുടെ ആദിസ്പന്ദനത്തിൽ വിലയിച്ചിരിക്കുന്നു.

ജനലഴികൾക്കപ്പുറത്തെ വിശാലകാഴ്ചകളിലേക്ക് മിഴിതുറന്നുവെച്ച ‘ഒഥല്ലോ’ എന്ന നിന്റെ കറുത്ത പൂച്ചയെപ്പോലെ ഉണർവിനുമപ്പുറത്തെ അനന്തബോധത്തിലേക്ക് നിന്റെ മിഴികൾ നങ്കൂരമിടപ്പെടും..

ജനനമരണങ്ങളുടെ നിരന്തര ചക്രവ്യൂഹങ്ങളെമറികടന്ന് പൂർണ്ണപ്രകാശത്തിന്റെ ഉറവിടത്തിൽ നിന്റെ ബോധം സാക്ഷീഭൂതയായി നിലകൊള്ളും.

കരോലിന, ഇതാണ് സത്യം. ഒരിക്കൽ നീയിതറിയുമ്പോൾ നീയൊരു സൂഫിയാകും… നാഥും ബൌദ്ധയുമാകും. കാരണം, യാഥാർഥ്യത്തെ നീ അറിയുകയും അഭിമുഖീകരിക്കുകയും ചെയ്തിരിക്കുന്നു. നീയൊരു യോഗിനിയായിരിക്കുന്നു. വികേന്ത്രീകരിക്കപ്പെട്ട നിന്റെ ഊർജ്ജസ്പന്ദനങ്ങളെ ഏകമുഖമാക്കിയിരിക്കുന്ന നീ സത്യം ദർശിച്ചിരിക്കുന്നു.

എനിക്കു മുൻപിൽ നീയനാവൃതമാക്കിയ ഈ നഗ്നമേനിയുടെ ത്രിമാനവടിവുകളിൽ എൻ്റെ കാമനകൾക്കിനി അഗ്നിപടർത്തുവാനാകില്ല. ശരീരംകൊണ്ടുള്ള നമ്മുടെ ഉണർവറിവുകൾ ഇവിടെ അസ്തമിച്ചിരിക്കുന്നു.

നീ എൻ്റെമുൻപിലവതരിച്ച മഹാദേവിയാണ്. പ്രപഞ്ചം പ്രതിഫലിക്കുന്ന ഈ നീലക്കൺകളുടെ സുഖദമായ ആർദ്രതയിൽ എൻറെ പ്രാണനിലെ അഗ്നിസ്ഫുലിംഗങ്ങളുടെ കിതപ്പുകളാറുന്നു. നിൻറെ വിരൽചൂണ്ടിയ നേർരേഖയിൽ വെയിൽത്തിളപ്പുകളുടെ ഉച്ചകൾ ചുണ്ടനക്കുമ്പോൾ നമുക്കിടയിലെ വഴികൾ വേർപിരിയുന്നു..

കരോലിന നീ, പതിനാറു വർഷങ്ങൾക്കുമുൻപ് ഋഷികേശത്തെ ശിവാനന്ദ ധർമ്മസ്പത്രിയിൽ മരണം കാത്തുകിടന്ന എൻ്റെ മുമ്പിൽ അവതരിച്ച സിദ്ധവിദ്യാപ്രിയങ്കരിയായ മഹാകാളിയെപ്പോലെയാണ്. നിന്നിൽ പ്രപഞ്ചം സ്പന്ദിക്കുന്നു. നീ വസ്ത്രങ്ങൾ എടുത്തണിയുക.. യാത്രയാവുക.. നിൻറെ ചികിതചിന്തകളുടെ ചെകുത്താന്മാരെ എനിക്കുനൽകുക. എൻ്റെ കമണ്ഡലുവിലെ വിശുദ്ധ ജലത്താൽ അവ പവിത്രീകരിക്കപ്പെടുമ്പോൾ ആസന്നമായിരിക്കുന്ന ഈ മഞ്ഞുകാലത്തെ നിൻറെ കാലടികളിൽ വിടരുന്ന, വസന്തത്തിൻറെ ഗന്ധമുള്ള ഓറഞ്ചു പൂക്കൾ വിമലീകരിക്കട്ടെ…

നാമൊരിക്കലുമിനി കണ്ടുമുട്ടുവാനിടവരാതിരിക്കട്ടെ. നിനക്കു നന്മകളുണ്ടാകട്ടെ!!

സ്വനേതിയൻ യാത്ര കുറിപ്പുകൾ!!!

-മഞ്ഞു നദികളുടെ ഉറവുകൾ തേടി വിദൂരമായ ജോർജിയൻ ഗ്ലേസിയറുകളിലൂടെ ഞാൻ നടത്തിയ ഏകാന്ത യാത്രകൾ-
——————————————-

മറവിയുടെ ഇരുട്ടുമുറികളിൽ മരണം കാത്തു കിടക്കുന്ന ആയുസ്സെത്തിയ ഓർമ്മകളുടെ നേരിയ മിടിപ്പുകൾ… അവയുടെ ചിലംബിച്ച ജല്പനങ്ങളിൽ തീവ്രാനുഭവങ്ങളുടെ കറുത്ത മുലകളിൽനിന്നും അമ്ലമുണ്ടുറങ്ങിയ എന്റെ യാത്രകളുടെ കഥകളുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിലെ ബോർഡർലൈനിലൂടെ.. ബാർഡോകളിലൂടെ… ഇടറാതെ നടന്നുപോയ എന്റെ എഴുതിവെക്കപ്പെടാത്ത ചരിത്രമുണ്ട്.

ഈ പാതിരാവിൽ, നക്ഷത്രങ്ങളില്ലാത്ത സ്വനേതിയൻ ആകാശത്തിന്റെ കാൽച്ചുവട്ടിൽ കണ്ണെത്തുന്ന ദൂരത്തെങ്ങും ഒരു മനുഷ്യജീവിപോലുമില്ലാത്ത വിജനമായ താഴ്വരകളുടെ ആദിമൗനത്തിന്റെ പൂർണ്ണഗർഭത്തിൽ ഞാനാണ്ടുകിടക്കവേ.. ദൂരെ മലമടക്കുകൾക്കപ്പുറത്തെവിടെനിന്നോ ”സ്വാൻ” ഗോത്രവർഗ്ഗങ്ങളുടെ വേട്ടനായ്ക്കൾ മുഴക്കുന്ന രൗദ്രഗർജ്ജനങ്ങൾ… പേരറിയാത്ത രാക്കിളികളുടെ പതിഞ്ഞ മൂളലുകൾ..

ശൂന്യതയിൽനിന്നും പൊടുന്നനെയുള്ള ഈ നിലതെറ്റിയ താളമില്ലായ്മയുടെ താളമുള്ള പ്രാകൃത സിംഫണി, എന്നെ പണ്ടെങ്ങോ കാർപാത്യൻ മലഞ്ചെരിവുകളിലൂടെ ”ഡെക്ക” എന്ന എന്റെ അന്നത്തെ റുമേനിയൻ കൂട്ടുകാരിയോടൊപ്പം അലഞ്ഞു നടക്കവേ മനസ്സിലുടക്കിയ ട്രാൻസിൽവാനിയൻ ജിപ്സിപെണ്ണിന്റെ പൊട്ടിയ ഫിഡിലിലെ അപശ്രുതികളെ ഓർമ്മപെടുത്തി. സ്വപ്നങ്ങൾ മൃതപ്പെട്ടുപോയ ആ നരച്ചകൺകളിൽ വഴിതെറ്റിവന്ന കൗമാരകൗതുകങ്ങളുടെ വഴുതിവീഴ്ചകൾ , വേദനകൾ.. അവളുടെ കണ്ണുകളിലെ അമ്പരപ്പിക്കുന്ന ആ മരവിപ്പ് ഇപ്പോഴും ഇടയ്ക്കിടെ എന്നെ വേട്ടയാടാറുണ്ട്.

ചില ഓർമ്മകൾ പലപ്പോഴും ഒരുശാപമാണ്. ചിലപ്പോളോക്കെ അതിന്റെ തീവ്രത എന്റെ ജീവിതത്തെ തീപിടിപ്പിക്കും. അപ്പോളൊക്കെ യാത്രകളുടെ ആഴക്കടലിലേക്കെടുത്തു ചാടുവാനല്ലാതെ എനിക്കെന്തുചെയ്യുവാനാകും? ഓർമ്മകളുടെ ഈ അഭിശപ്തത മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ”പവിത്രൻ തീക്കുനി” യെപ്പോലെയോ ”എ.അയ്യപ്പനെ”പ്പോലെയോ ജീവിച്ചുനോക്കണം. കാരമുള്ളുകൾ വിതച്ചു ജീവിതത്തിന്റെ നന്മകൾ കുടിച്ചുവറ്റിച്ച ബന്ധങ്ങളെ ആർദ്രമായ് പുണരുവാനാവണം…

റ്റിബ്ബലിസി!!! നിറങ്ങളുടെ ഒരു ചലിക്കുന്ന കൊളാഷ്. അനേക നിറങ്ങളുടെ ഒരു കളിയാട്ട മഹോത്സവം. യുദ്ധം ഏറെക്കുറെ തകർത്തു കളഞ്ഞെങ്കിലും സന്തോഷനിർഭരരായ യുവത്വം ഉല്ലസിച്ചു കടന്നുപോകുന്നത് നാളെയിലേക്കുള്ള പ്രതീക്ഷകളിലേക്കാണ്. സഹൃദയരും സത്യസന്ധരുമായ നല്ലമനുഷ്യർ, സൗന്ദര്യവും ആർജ്ജവവുമുള്ള ജോർജിയൻ പെണ്ണുങ്ങൾ.. സാധാരണ മനുഷ്യരുടെ അതിജീവനത്തിനായുള്ള വേപഥുകൾ… മർജനിഷ്‌വില്ലിയിലെ മെട്രോസ്റ്റേഷനുമുൻപിൽ ഒരു പത്രക്കടലാസു വിരിച് അതിലിരുന്ന് എന്റെ മുന്നിലൂടെ കടന്നു പോകുന്ന ജീവിതങ്ങളിലേക്ക്.. മാറിമറിയുന്ന മുഖങ്ങളിലേക്ക് മിഴികളാഴ്ത്തി അത്ഭുതത്തോടെ ഞാനിരുന്നു, മണിക്കൂറുകളോളം… യുദ്ധത്താൽ വ്രണിതമാക്കപ്പെട്ട് രക്തവും ചലവും വമിച്ചിരുന്ന ജോർജിയ ഇന്ന് നന്മയുടെയും സൗഹൃദത്തിന്റെയും കുന്തിരിക്കവും മീറയും പുകച്ചു സ്വയം മുറിവുണക്കുന്നു.

പിന്നീടെപ്പോഴോ അഗ്മാഷെനെബെല്ലി അവന്യുവിലെ ”എക്കാത്തറീന”യുടെ ഗസ്റ്ഹൗസിലേക്ക് ഞാൻ നടന്നു. അവളുടെ ഭംഗിയുള്ള ആ ചെറിയ മുറിയിൽ ഞങ്ങൾ അതിജീവനത്തിന്റെ രസതന്ത്രങ്ങളും യുദ്ധക്കെടുതികളും ഭാഷയും സംസ്ക്കാരവും സംഗീതവുമെല്ലാം ശുദ്ധമായ തെലാവിയൻ വൈനിന്റെയും മഷ്‌റൂം കിൻഖാളിയുടെയും അകമ്പടിയോടെ പങ്കുവെച്ചു. കഥപറയുമ്പോൾ ഒരു മുത്തശ്ശിയും കഥ കേൾക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുമായ് മാറുന്ന മന്ത്രവാദിനി, ”എക്കാത്തറീന”….

ഇത് എന്റെ യാത്രയുടെ മൂന്നാം ദിവസത്തെ പകൽ. ഇന്ന് വീണ്ടും യാത്ര ആരംഭിക്കുകയാണ്. മഞ്ഞു നദികളുടെ ഉറവുകൾതേടി ഗ്ലേസിയറുകളിലേക്കുള്ള എന്റെ യാത്രയുടെ ആരംഭം. ”ഷ്കാറ കൊടുമുടി” യുടെ അധികമാരും എത്തിപെട്ടിട്ടില്ലാത്ത ഗ്ലേസിയറുകളിലെക്കും ”ഉഷ്ബാ” ഗ്ലേസിയറുകളിലേക്കുമുള്ള അപകടംപിടിച്ച യാത്രകൾ. ഇനിയുള്ള എന്റെ രണ്ടാഴ്‌ച്ചകൾ വിശുദ്ധമായ ഈ ഗ്ലേസിയറുകളിലേക്കുള്ള തീർത്ഥാടനങ്ങളാണ്.

ടിബ്ലിസിയിലെ സ്റ്റേഡിയം സ്‌ക്വയറിൽ നിന്നും മാർശൃത്ക (Marshrutka) എന്ന ജോർജിയൻ മിനിവാനിൽ 550-ഓളം കിലോമീറ്ററുകൾ അകലെയുള്ള ഉഷ്ഗുളി (Ushguli) എന്ന അപ്പർ സ്വനേതിയുടെ തലസ്ഥാനമായ മെസ്ത്തിയയിലേക്ക്. അതീവ ദുർഘടവും ആരിലും ഉൾകിടിലമുളവാക്കുന്ന അത്യഗാധമായ കൊല്ലികളും ഏതുസമയത്തും മലയിടിച്ചിൽ സാംഭവ്യവുമായ പരുക്കൻ മലമ്പാതകളിലൂടെ ”ഷൊറോ നാഗതിയാനി” എന്ന എന്റെ ഡ്രൈവർ തന്റെ പഴഞ്ചൻ മിനിവാൻ 80- 100 -110 സ്പീഡിൽ ഒരുകൂസലുമില്ലാതെ പറത്തിവിടുകയാണ്. എൻറെ സഹയാത്രികരായ നോർവീജിയൻ ദമ്പതികൾ പിന്നിലിരുന്നു ഇടക്കിടെ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. ഒരു ഡസനിലധികം തവണ ഭാഗ്യംകൊണ്ടു മാത്രമാണ് മരണത്തിന്റെ വക്കിൽനിന്നും രക്ഷപെട്ടുപോന്നത്.

ഉഷ്ഗുളിയിലെ പ്രകൃതിയും ഇക്കോ സിസ്റ്റവും വളരെ വളരെ ലോലമാണ്. അത്യപൂർവമായ സസ്യജാലങ്ങളും കാലാവസ്ഥയും ഈ പ്രദേശത്തെ വളരെയേറെ വ്യത്യ്സ്ഥമാക്കുന്നു. ഇവിടെ നിന്നും 21 കിലോമീറ്റർ 9 മണിക്കൂർ കൊണ്ടു നടന്നെത്തിയാൽ മാത്രമേ ഷ്കാര പർവ്വതത്തിലെ ഗ്ലേസിയറിൽ എത്തിച്ചേരാനാവൂ. ആദ്യത്തെ 2 കിലോമീറ്ററുകൾ പിന്നിട്ടാൽ ഒരു മനുഷ്യജീവിയെപോലും കാണുക അസാധ്യം. കാട്ടുകുതിരകളും അലസമായി മേഞ്ഞു നടക്കുന്ന ചാവാലി പശുക്കളും മാത്രം.

ഇനി ഇവിടെനിന്നും അങ്ങോട്ടു ഞാൻ ഒറ്റക്കാണ്. 42 ഡിഗ്രിയോളമാണ് ഈ ഹൈ ആൾട്ടിട്യൂഡ് മൗണ്ടൈൻപാസ്സിൽ താപനില. സൂര്യനസ്തമിച്ചാൽ ഉടൻതന്നെ താപനില 10 ഡീഗ്രി തൊട്ട് ക്രമേണ -5 വരെ താഴാം. സൂര്യാഘാതമേറ്റ് എൻറെ പിൻകഴുത്തും ചുമലുകളും കഷണ്ടി ആക്രമിച്ചുതുടങ്ങിയ നെറ്റിത്തടവും കരുവാളിച്ചു അവിടങ്ങളിലെ ചർമ്മം അടർന്നുതുടങ്ങിയിരുന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങളും ഇടയ്ക്കിടെ മുറിച്ചു കടക്കേണ്ടതായുള്ള അതിശക്തമായ ഒഴുക്കുള്ള ഗ്ലേസിയർ നദികളും എന്റെ യാത്രയെ വിവരണാതീതമാകുംവിധം ദുർഘടമാക്കിതീർത്തുകൊണ്ടിരുന്നു. ഇടക്കുവെച്ചാവസാനിപ്പിക്കുക എന്നത് എന്റെ നിഘണ്ടുവില്ലാത്തതുകൊണ്ട് ഞാൻ മുന്പോട്ടുതന്നെ പൊയ്ക്കൊണ്ടേയിരുന്നു.

ഇവിടങ്ങളിലെ പ്രകൃതി, അടിയുടുപ്പിൽ ആദ്യമായ് ചോരകണ്ട കന്നിപ്പെണ്ണിനെപ്പോലെ വളരെ മെലൺകോളിക്കാണ് (melancholic). ജീവിതംകൊണ്ട് കട്ടയുംപടവും കളിച്ചു പൂണ്ടുവിളയാടിയ എന്റെ ചങ്കും കരളും കിഡ്‌നിയുമൊക്കെ വളരെ ആത്മാർത്ഥതയോടെ സത്യസന്ധമായി പണിയെടുക്കുന്നതു കണ്ട് എൻറെ ഫിറ്റ്നസ്സിൽ എനിക്കുതന്നെ അത്ഭുതംതോന്നി.

സൂര്യൻ താണുതുടങ്ങിയിരിക്കുന്നു അതോടൊപ്പം തണുപ്പ് കൂടിക്കൂടി വന്നുകൊണ്ടേയിരുന്നു. ഇടക്കിടെ അപൂർവം ആളുകൾ തങ്ങളുടെ യാത്ര പാതിവഴിക്കുപേക്ഷിച്ചു നിരാശരായി തിരികെവരുന്നത് കാണാമായിരുന്നു. പലരും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സത്യത്തിൽ ഇതൊരാപകടംപിടിച്ച സ്ഥലമാണ്. ആറേഴു വർഷംമുന്പു വരെ ഇവിടം ബാൻഡിറ്റുകളുടെ, തീവെട്ടികൊള്ളക്കാരുടെ വിഹാരകേന്ദ്രമായിരുന്നു. വിദേശികളെ കൊലപ്പെടുത്തി കൊള്ളയടിക്കുകയെന്നത് ഇവിടങ്ങളിൽ പതിവായിരുന്നത്രെ. എങ്കിലും പണ്ടു വല്യപ്പൻ പഠിപ്പിച്ച ‘കോണക പൂട്ടിലും’ ” ക്രാവ് മാഗ’യിലും തിരുനെൽവേലിക്കാരൻ മയിൽവാഹനം പഠിപ്പിച്ച ”വർമ്മ കലൈ” യിലും വിശ്വാസമർപ്പിച്ചു ഞാൻ അവിടെ തന്നെ തങ്ങുവാൻ തീരുമാനിച്ചു.

അല്പം ദൂരെയായി ഒരു ഗ്ലേസിയർ നദിയൊഴുകുന്നതു കാണാമായിരുന്നു. അതിനപ്പുറം വിശാലമായ പുൽപരപ്പാണ്, അവിടെ കൂടാരമടിച് ഇന്നത്തെ യാത്രക്കു താൽകാലിക വിരാമമിടാമെന്നു തീർച്ചപ്പെടുത്തി. നടന്നു നദിക്കരയിലെത്തിയപ്പോളാണ് മനസ്സിലായത് ഇതുവരെ ക്രോസ്സ് ചെയ്തതിലും സാമാന്യം വല്യ നദിയും ശക്തമായ ഒഴുക്കുമുണ്ടെന്ന്. ഞാൻ വസ്ത്രങ്ങൾ ഓരോന്നോരോന്നായി ജെട്ടിയടക്കം അഴിച്ചു എൻ്റെ ട്രക്കിങ് എക്ക്വിപ്മെന്റ്സിനോടൊപ്പം നന്നായി മുറുക്കിക്കെട്ടി നദിയുടെ മറുകരയിലേക്കെറിഞ്ഞു.എന്റെ കണക്കുകൂട്ടലുകൾ പ്രാകാരം 3 മിനുട്ടിൽകൂടുതൽ വെള്ളത്തിൽ നിന്നാൽ ശരീരം മരവിച്ചു വടിപോലെയാകും. അതുകൊണ്ടു ഒഴുക്കിനൊപ്പം ഒരു 30 – 40 മീറ്റർ താഴേക്കു നീന്തി മറുകര പിടിക്കാം എന്നുറപ്പിച്ചു. ഒരുതരത്തിൽ ഉരുണ്ടുപിരണ്ട്‌ മറുകരയെത്തിയപ്പോൾ എന്റെ ഹൃദയംനിലച്ചുപോയി. ”വീണിതല്ലോ കിടക്കുന്നു ഭുവനിയിൽ” എന്നു കവി പാടിയതുപോലെ എവിടെനിന്നന്നെന്നറിയാതെ പെട്ടന്നു പൊട്ടിമുളച്ചതുപോലെ ആറോളം വരുന്ന ഡച്ചു പെൺകുട്ടികളുടെ ഒരുസംഘം എൻ്റെ മുൻപിൽ.. ഞാനോ പൂർണ്ണ നഗ്‌നനും. തൊണ്ടിമുതലുമായി പിടിക്കപ്പെട്ട കള്ളനെപ്പോലെ അവരുടെ മുൻപിൽ ഞാൻ പരുങ്ങി നിന്നു.

നഗ്നതയായിരുന്നില്ല എൻ്റെ പ്രശ്നം. തണുപ്പുകൊണ്ട് എന്റെ ”ശുഷ്‌മാണി” ചുരുങ്ങി ചുരുങ്ങി ആത്മോപദേശ ശതകത്തിൽ നാരായണഗുരു പറഞ്ഞപോലെ ”അണുവിലുമണുവായ്” ചുരുങ്ങിപ്പോയി. സുഹൃത്തെ എന്റെ അപ്പോഴത്തെ ആ അവസ്ഥ നിങ്ങൾക്കൂഹിക്കാവുന്നതിനുമപ്പുറത്താണ്. മറ്റൊരു വേദനിപ്പിക്കുന്ന സത്യം എന്റെ ജെട്ടിയാണ്. Salomon ൻറെ Trekking shoes, Jack Wolfskin ന്റെ Alpine tent, The North Face ന്റെ hiking വസ്ത്രങ്ങൾ,Fjällmark ന്റെ Backpack എന്നിങ്ങനെ എല്ലാം അത്യാവശ്യം പ്രൊഫഷണലായിരുന്നു. പക്ഷെ ജട്ടി മാത്രം ചതിച്ചു. കഴഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ തളിപ്പറമ്പ് ബസ്‌സ്റ്റാന്റിൽനിന്നും ”എഴുപതുരൂപയ്ക്കു മൂന്നേ” എന്ന ഫുട്പാത്തു കച്ചവടക്കാരന്റെ ആദായവിലയിൽ വീണുപോയി വാങ്ങിയ ppc എന്ന് ഇലാസ്റ്റിക്കിൽ മുദ്രണം ചെയ്ത ആ ജെട്ടികളിലൊന്ന് എൻറെ അഹംബോധത്തിൻറെ ഉച്ചിയിൽ അവസാനത്തെ ആണിയടിക്കുമെന്നാരറിഞ്ഞു. ഏതായാലും ഇന്നുരാത്രിയിലെ നിലാവിൽ ഈ ഡച്ചു പെണ്ണുങ്ങൾ നുണയുന്ന വോഡ്ക മാർട്ടിനിക്കൊപ്പം അവരുടെ ഇക്കിളിക്കഥയിലെ നായകൻ ഞാനാകുമെല്ലോയെന്നോർത്തു എന്നിലെ വികട കുമാരൻ വക്രിച്ചു ചിരിച്ചു സ്വയം സമാധാനിച്ചു.

സാവധാനം ശരീരത്തെ ഉണക്കി ടെന്റ് ഉറപ്പിച്ചു വിശദദമായി ഒന്നുറങ്ങാൻ തീരുമാനിച്ചു. ഇതുവരെയുള്ള യാത്ര എന്നെ ഒരുവിധം തളർത്തിയിരുന്നു. പതിനെട്ടു പത്തൊൻപതു വയസ്സുകാലത്തു അപ്പർ ഹിമാലയാസിൽ, മാനാ വില്ലേജിനടുത്തു വ്യാസഗുഹയിൽ നാഗാസന്യാസിമാർക്കൊപ്പം കഴിഞ്ഞിട്ടുള്ളതിനാലും, നേപ്പാൾ ടിബറ്റൻ ബോർഡറിൽ ലാപ്ച്ചി താഴ്വരയിൽ കാഗ്യുത്പ യോഗികൾക്കൊപ്പം അലഞ്ഞു നടന്നിട്ടുള്ളതിനാലും ആൾട്ടിട്യൂഡ് സിക്ക്നെസ്സ് എനിക്കൊരു പ്രശ്നമായിരുന്നില്ല. എങ്കിലും ആൾട്ടിട്യൂഡ് ഇൻസോമ്‌നിയ (Altitude Insomnia) അന്നും ഇന്നും ഒരു പ്രശനക്കാരൻ തന്നെയാണ്. എങ്കിലും 6 – 7 മണിക്കൂർ യോഗനിദ്രയിൽ പൂർണമായി വിശ്രമിച്ചു.

പിറ്റേന്നു രാവിലെ ഉദയസൂര്യന് അർഘ്യമർപ്പിച്ച്, സന്ധ്യാവന്ദനം ചെയ്ത്, ഗുരുയോഗവും ഊർദ്ധ്വ പ്രാണായാമവും ചെയ്ത് വീണ്ടുംയാത്രയാരംഭിച്ചു. അകലങ്ങളിൽ ഒരുസ്വപ്നംപോലെ കണ്ടിരുന്ന ”സ്കാരാ ഗ്ലേസിയർ” അടുത്തടുത്തുവന്നുകൊണ്ടിരുന്നു. ഇപ്പോൾ തൊട്ടുമുന്പിൽ വന്മരങ്ങളുടെ ഇടതൂർന്ന വനമാണ്. ഇവിടെവെച്ചു ട്രെക്കിങ് റൂട്ട്മാർകിങ് അപ്രത്യക്ഷമാകുന്നു. ഇനിയെങ്ങനെ മുൻപോട്ടുപോകും എന്നതിനു വ്യക്തമായ ഒരു ധാരണയില്ല. എന്റെ ജിപിഎസ് (GPS) ഡിവൈസ് ബാറ്ററി തീർന്നതിനാൽ ഉപയോഗ്യശൂന്യവുമായി. ഞാൻ ശരിക്കും പെട്ടു. ഏതായാലും എന്റെ ഇന്റ്യൂഷനെ വിശ്വസിക്കുക തന്നെ. എന്തും നേരിടാൻ തയ്യാറായി ഞാൻ വനത്തിൽ പ്രവേശിച്ചു.

മുന്നിൽത്തെളിയുന്ന ഒറ്റയടിപ്പാതയിലൂടെ ഏറെനേരമായി നടക്കുന്നു. എത്ര നടന്നിട്ടും വനത്തിനു പുറത്തുകടക്കാൻ കഴിയുന്നില്ല. എനിക്കു വഴിതെറ്റിയിരിക്കുന്നു എന്ന സത്യം മനസ്സിലാക്കാൻ എതാനും മണിക്കൂറുകൾ എടുത്തു. ഭയമോ ആശങ്കകളോ ഒന്നുമില്ലെങ്കിലും ഉള്ളിലെവിടെയോ ഇടയ്ക്കിടെ അപായമാണികൾ മുഴങ്ങികൊണ്ടിരുന്നു. ഇനിയെന്തുചെയ്യണമെന്ന തീരുമാനമെടുക്കാനാവാതെ നിന്ന എന്റെ മുൻപിൽ ദൈവം ഒരു നായയായി പ്രത്യക്ഷപ്പെട്ടു. വെളുപ്പും കറുപ്പും കലർന്ന ഒരു സുന്ദരൻ നായ. ഞാൻ അവനെ കൈസർ ,ടിപ്പു, ജാക്കി എന്നിങ്ങനെ എനിക്കറിയാവുന്ന സാധാരണ നായകൾക്കുള്ള പലപേരുകൾ വിളിച്ചെങ്കിലും അവൻ ഗൗനിക്കുന്നേയില്ല. അവസാനം ഉള്ളിൽ തോന്നിയ ഒരാവേശത്തിന് ഞാനവനെ ഡാ പറശ്ശിനിക്കടവു മുത്തപ്പാ എന്നു വിളിച്ചപ്പോൾ വാലാട്ടി അവനെൻറെ അരികിൽ വന്നു മുട്ടിയുരുമ്മിനിന്നു. ജീവിതം ഇങ്ങനെയാണ് ഭായി എല്ലാം അവസാനിച്ചു എന്നു കരുതുന്നിടത്തുനിന്നും അപ്രതീക്ഷിതമായി പുതിയ തളിർപ്പുകളുണരും. അതുകൊണ്ട് ഒരിക്കലും പ്രതീക്ഷകൾ കൈവിടരുത്.ജീവിതം തുറന്നു തരുന്ന വാതിലുകളുടെ വെറുതെയങ്ങു നടന്നുകയറുക. ഇന്നിൽ ജീവിച്ചുകൊണ്ട് ഹൃദയത്തിന്റെ നന്മകളിൽ വിശ്രമിക്കുക. അങ്ങനെ, ”പി.മുത്തപ്പൻ” എന്ന ഗൈഡിൻറെ സഹായത്താൽ ഞാൻ യാത്ര പുനരാരംഭിച്ചു. ഏകദേശം ഒന്നരമണിക്കൂറോളമുള്ള യാത്രക്കു ശേഷം ഞങ്ങൾ വനാതിർത്തിയിലെത്തി.

അതാ വീണ്ടും എന്റെ മുൻപിൽ തന്റെ പൂർണപ്രതാപത്തോടെ ഷ്‌കാര പർവ്വതം. ഇനിയുമൊരു 40 മിനുട്ടോളം ക്ലയിമ്പു ചെയ്താൽ ഞാൻ ഷ്‌കാര ഗ്ലേസിയറിൽ നിന്നുത്ഭവിക്കുന്ന വിശുദ്ധമായ നീരൊഴുക്കിന്റെ മേധാ നാഡിയുടെ ഉദരത്തിലെത്തും.

എന്റെ ഓരോ യാത്രയുമവസാനിക്കുന്നിടത്തുനിന്ന് തലയോട്ടികൾ സ്വപ്നം കാണുന്ന കറുത്ത രാത്രികളുണ്ടാകുന്നു.
ജനിമൃതികളുടെ ബന്ധനങ്ങളിൽ
ആത്മബന്ധങ്ങളുടെ ചിലന്തിവലകളിലെ കറുത്ത പൊട്ടുകൾ…
ഭ്രാന്തും പ്രണയവും ചിതലെടുത്തിഴവിട്ട കറുത്ത ചുണ്ടുകൾ…
തീവ്രമായ ലഹരിയുടെ സർപ്പദംശനങ്ങൾ..
രതിയുടെ കടൽപ്പാമ്പുകൾ..
ആത്മാവുകൊണ്ടാരാധിക്കപ്പെട്ടിട്ടും പ്രതികരിക്കാനാവാതെപോയ
നഷ്ടബോധത്തിൻറെ ക്ഷേത്രഗണിതങ്ങൾ..
കണ്ണീരുകൊണ്ടു ശുദ്ധിയാക്കാനാവാത്ത കറുത്ത പാപങ്ങളുടെ തുരുമ്പുകൾ…
പറയൂ എനിക്കെന്തു ചെയ്യുവാൻ കഴിയും?
യാത്രകൾ എൻ്റെ നിയോഗങ്ങളാണല്ലോ.. നിയതി വരച്ചിട്ട നിതാന്ത നിയോഗങ്ങൾ!!!

അവസാനമിതാ ക്ഷേത്രം പോലെ വിശുദ്ധമായ…. ആദിയോഗിയുടെ ഇരിപ്പടംപോലെ നിർമ്മലമായ നദിയുടെ വിശുദ്ധമുഖം!!! എന്തുകൊണ്ടോ എനിക്കു കണ്ണുനീരടക്കുവാൻ കഴിഞ്ഞില്ല. നദിയുടെ ഉറവുകളിലേക്കുള്ള ദേശാടനം ഒരർത്ഥത്തിൽ നമ്മുടെ തന്നെ പിറവിയിലേക്കുള്ള തിരികെ നടത്തങ്ങളാണ്. എല്ലാറ്റിന്റേയും ഉത്ഭവം വെറും ശൂന്യതയിൽ… വോയ്‌ഡിൽ നിന്നുമാണെന്നുന്നുള്ള തിരിച്ചറിവുകൾ നൽകുന്ന പരമാനന്ദം. ഞാനും നീയുമൊക്കെ ഉടലെടുക്കപ്പെടുന്നതിനുമെത്രയോമുന്പ് ഈ ശൂന്യതയുടെ നിതാന്തവും അനിർഗ്ഗളവുമായ പൂർണ ബോധത്തിൽ ഒരു ചിന്താതരംഗമായി നിലകൊണ്ടിരുന്നുവെന്നും പിന്നീടെപ്പോഴോ ബോധക്കടലിലെ ഒരലയായി നാം സ്വയം മെറ്റീരിയലൈസ് ചെയ്യപ്പെടുകയും ചെയ്തുവെന്ന പൂർണ്ണത്വത്തിന്റെ അറിവുകളിലേക്കുള്ള ഈ ഉണർവ് …ഹോ !!!!
എന്തെന്തു വാക്കുകൾകൊണ്ടാണ് ഞാനതു വരച്ചിടേണ്ടത്??

പ്രകൃതിയുടെ…..അമ്മയുടെ… ശുദ്ധമായ ഊർജ്ജതുടിപ്പുകൾ എന്നെ അപരിമേയമായ ആനന്ദത്തിലാഴ്ത്തി. വൃക്ഷവേരുകളുടെ മൂലകങ്ങളിൽ സമാധിയിരിക്കുന്ന എന്റെ വിഘടിത സ്വരൂപങ്ങളെ ഞാൻ കണ്ടു.. ശരീരബോധം അലിഞ്ഞപ്രത്യക്ഷമായി… ”ഞാൻ” എന്ന ബോധം ഒരേസമയം എല്ലാറ്റിനും അതീതവും എന്നാൽ സകലത്തിലും അന്തലീനമായിരിക്കുകയും ചെയുന്ന പരമ പ്രകാശ ചൈതന്യമാണെന്നുള്ള പൂർണ്ണവബോധത്തിന്റെ കൊള്ളിമീനുകൾ തലച്ചോറിൽ മിന്നിനിന്നു. ”ഞാൻ” എന്ന ബോധക്കടലിന്റെ അനാദിയും അനിർഗളവുമായ ജ്ഞാനപ്രകാശത്തിൻറെ തുടിപ്പുകളിലാണ് ചരവും അചരവുമായ സകലത്തിന്റെയും അസ്ഥിത്വത്തിന്റെ ഉറവെന്ന നേരറിവിന്റെ ബോധോദയം…

സമ്യക്കായ സമാധ്യാനുഭവത്തിന്റെ ഡയറക്ട് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്ന, വാക്കുകൾക്കു വിലങ്ങു വീഴ്‌ത്തുന്ന, ചിന്തകളെ ദിവ്യമായ ശൂന്യതയുടെ ഉദാത്തതയിലേക്കെടുത്തെറിയുന്ന സമാനതകളില്ലാത്ത ആനന്ദലഹരിയിൽ, ആത്മാവിൽനിന്നും അസ്ഥിത്വത്തിന്റെ അടിസ്ഥാന തന്മാത്രകളിലെ ഉണ്മയുടെ ഉറവുകളിൽ വെളിച്ചത്തിന്റെ പാദമുദ്രകൾ പതിപ്പിച്ച നിരന്തര തീർത്ഥാടനങ്ങൾ… ജീവിതമെന്ന ബുദ്ധത്വത്തിലേക്കുള്ള പരമമായ ഉണർവുകൾ!!! ഇവിടെ വാക്കുകൾ താനെ പരിധി കല്പിക്കപ്പെടുന്നു.

നന്മയിലേക്ക് ഇനിയും താണ്ടുവാനുള്ള പ്രകാശവർഷങ്ങളിൽ നക്ഷത്രവിളക്കുകൾ തെളിയിച്ച് അനന്തമായ ഗുരുകാരുണ്യം. നടന്നുതീർക്കുവാൻ വഴികളുള്ളവർ ജീവിച്ചിരുന്നേ മതിയാവൂ.

ഇനി ജോർജിയയിൽ നിന്നും അസർബൈജാൻ വഴി ഹിച്ഹൈക്ക് ചെയ്ത് ടെഹ്‌റാനിലൂടെ..
ഇസ്ഹാനിലൂടെ (ISFAHAN )ഷിറാസിലേക്ക്..എൻ്റെ പ്രിയപ്പെട്ട ക്വജാ ഹഫേസിന്റെ (Khwāja Šamsu d-Dīn Muḥammad Hāfez-e Šīrāzī) ശവകുടീരത്തിലെത്തുംവരെ മൗനത്തിന്റെ മുനിമടയിലിരുന്ന് ഒറ്റനക്ഷത്രത്തിന്റെ മാറിടംകണ്ട് ഞാൻ ഒരു കടൽക്കിഴവനെപ്പോലെ വെറുതേ ചിരിച്ചുകൊണ്ടിരിക്കു.

-ഏതൊരു ദേവിയാണോ എന്റെ പ്രജ്ഞയിൽ വാക്കുകളായി, അറിവായി, ബോധത്തിന്റെ ഉണർവായി സംസ്ഥിതയായിരിക്കുന്നത്.. വാഗ്വിലാസിനിയായ ആ ദേവിക്കായിക്കൊണ്ട് അടിയന്റെ ആത്മ നമസ്കാരം.-

അലെഖ് നിരഞ്ജൻ!! തഥാത്വമസ്തു!! ഓം സായി റാം!! ഖുദാഹഫിസ്!!!